കൊച്ചി: കൊവിഡ് കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയും സർക്കാരിന്റെ അഴിമതിക്കെതിരെ പോരാടുകയും ചെയ്യുകയാണ് യു.ഡി.എഫ് ചെയ്യുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു.പി.സി ജോർജിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നത് കെ.പി.സി.സിയുടെ അജണ്ടയിലില്ല. തനിക്കെതിരെ ചിലർ നടത്തുന്നത് കള്ള പ്രചരണമാണ്. പി.സി ജോർജിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കാൻ ശ്രമിച്ച തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് വ്യാജദൃശ്യങ്ങളാണ്. കേരള കോൺഗ്രസിലെ രണ്ട് വിഭാഗങ്ങളുമായി ചർച്ച ചെയ്തുണ്ടാക്കിയ ധാരണ എട്ടു മാസത്തിനുശേഷം ഇല്ലെന്നു പറയുന്നവരെ അംഗീകരിക്കാൻ കഴിയില്ല. ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് മാറ്റിനിറുത്തിയത് നിവൃത്തികേട് കൊണ്ടാണ്. കേരള കോൺഗ്രസ് വിഷയത്തിൽ നൂറു ശതമാനം നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.