നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ ടാക്‌സി കൗണ്ടറിലെ ജീവനക്കാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ മൂന്നാംഘട്ട ആരോഗ്യസുരക്ഷാ ഓഡിറ്റിംഗിന് ഒരുങ്ങി സിയാൽ. വിമാനത്താവളത്തിൽ ടാക്‌സി സർവീസ് നടത്തുന്ന സിയാൽ പ്രിപെയ്ഡ് ടാക്‌സി സൊസൈറ്റിയിലെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സൂപ്പർവൈസർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനുള്ള സജ്ജീകരണങ്ങൾ സിയാൽ ഒരുക്കിയിട്ടുണ്ട്. മുഴുവൻ ജീവനക്കാർക്കും ഇതുസംബന്ധിച്ച ബോധവൽക്കരണം നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ 24ന് നേരിയ രോഗലക്ഷണം അനുഭവപ്പെട്ട ജീവനക്കാരി ഇക്കാര്യം മേൽ ഉദ്യോഗസ്ഥരെ അറിയിക്കുകയും തുടർന്ന് സ്ഥാപനം മുൻകൈയെടുത്ത് അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. വിവിധ കരാർ, ഉപകരാർ ഏജൻസികളിൽ ജോലി ചെയ്യുന്ന മുഴുവൻ പേർക്കും സുരക്ഷാ വസ്ത്രങ്ങളും ഉപാധികളും സിയാൽ നൽകിയിട്ടുണ്ട്. ശുചീകരണ വിഭാഗത്തിൽ ജോലിചെയ്യുന്ന മുഴുവൻ പേർക്കും ഫേസ് ഷീൽഡുകൾ, മാസ്‌കുകൾ, ഗ്ലൗസുകൾ എന്നിവയും കൈമാറിയിട്ടുണ്ട്. നാലായിരത്തോളം പേർക്കാണ് ഫേസ് ഷീൽഡുകൾ നൽകിയത്. എയ്‌റോബ്രിഡ്ജ് നിയന്ത്രിക്കുന്ന ജീവനക്കാർ, സി.ഐ.എസ്.എഫ് അംഗങ്ങൾ എന്നിവരുൾപ്പെടെ മൂവായിരത്തോളം പേർക്ക് പി.പി.ഇ കിറ്റുകൾ നൽകി. ഇമിഗ്രേഷൻ മുതൽ പ്രിപെയ്ഡ് ടാക്‌സി കൗണ്ടർ വരെയുള്ള ഇടങ്ങളിൽ ജീവനക്കാരും യാത്രക്കാരും സമ്പർക്കം ഒഴിവാക്കാൻ ഗ്ലാസ് ഭിത്തി തീർത്തിട്ടുണ്ട്.ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ രണ്ടുവട്ടം ഓഡിറ്റിംഗ് നടത്തിയിരുന്നു. പ്രതിദിനം രാജ്യാന്തര, ആഭ്യന്തര വിഭാഗങ്ങളിൽ നാലായിരത്തോളം യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തിൽ എത്തുന്നത്.ഇതുവരെ ഒന്നേകാൽ ലക്ഷത്തോളം പേർ കൊച്ചി വിമാനത്താവളത്തിലെത്തി.