തോപ്പുംപടി: ഫോർട്ടുകൊച്ചി, തോപ്പുംപടി, ചെല്ലാനം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിദിന മാലിന്യനീക്കം നിലച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പ്രദേശങ്ങൾ അടച്ചതോടെയാണ് മാലിന്യ നീക്കം താറുമാറായത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് മാലിന്യം നീക്കം നടക്കുന്നത്. കാലവർഷം ശക്തമായതോടെ റോഡരികിലെ മാലിന്യം വീടുകളിലേക്കും ഒഴുകിയെത്തുന്ന സ്ഥിതിയാണ്. മാനാശേരി, അത്തി പൊഴി റോഡിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. കൊവിഡിനൊപ്പം പകർച്ച വ്യാധി രോഗങ്ങളെ കൂടി പേടിക്കേണ്ട അവസ്ഥയിലാണ് പശ്ചിമകൊച്ചി. മാലിന്യ നീക്കം സുഗുമമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കളക്ടർ, മേയർ, നഗരസഭ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. കൊച്ചിൻ കോർപ്പറേഷനിൽ ഹെൽത്ത് കണ്ടിജന്റ് വിഭാഗത്തിൽ ജോലിക്കാർ ഇല്ലാത്തതാണ് മാലിന്യനീക്കം തടസപെടാനുള്ള പ്രധാന കാരണം.