മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച ഓൺലൈൻ പഠന ക്ലാസ് ആട്ടായം പീപ്പിൾസ് ലൈബ്രറിയിൽ ആരംഭിച്ചു. പഠന ക്ലാസ് ആരംഭിക്കുന്നതിനായി മൂവാറ്റുപുഴ ബി.ആർ.സിയാണ് എൽ.ഇ.ഡി. ടിവി അനുവദിച്ചത്. വിവിധ ക്ലാസുകളിലായി 28 കുട്ടികളാണ് പഠനത്തിനായി ലെെബ്രറിയിൽ എത്തിയത്. ഇനിയും കുട്ടികൾ പഠനത്തിനായി എത്തിചേരുമെന്ന് അറിയിച്ചതോടെ ഒരു ടിവി കൂടി അനുവദിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പഠനത്തോടൊപ്പം കുട്ടികളുടെ സംശയനിവാരണം തീർത്തു നൽകുന്നതിനായി ഒരു ടീച്ചറുടെ സൗജന്യ സേവനവും ലെെബ്രറിയിലുണ്ട് . ഓൺലെെൻ പഠനക്ലാസിന്റെ ഉദ്ഘാടനവും ടിവി സ്വിച്ചോൺ കർമ്മവും പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് നിർവഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് രാജു അദ്ധ്യക്ഷത വഹിച്ചു. ബി.ആർ. സി ട്രെയിനർ ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി നിർവഹിച്ചു.ലെെബ്രറി രക്ഷാധികാരി പി.എ.സമദ്, പഞ്ചായത്ത് നേതൃസമിതി കൺവീനർ ഹരിദാസ് , ലിസോ ടീച്ചർ, പ്രമുഖ ഗാന്ധിയൻ മുഹമ്മദ് വാരിക്കാട്ട്, താലൂക്ക് ലെെബ്രറി കൗൺസിൽ മെമ്പർ മെമ്പർ പി.എ. മൈതീൻ , കെ.പി. റെജി എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രവർത്തകരും പഠിതാക്കളും ,രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങൽ കുഞ്ഞുങ്ങൾ ഓൺ ലെെനിൽ ഗാനം ആലപിച്ചു.