കൊച്ചി: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ നഗരവാസികൾ ഇല്ലെന്ന ആശ്വാസമുണ്ടെങ്കിലും കർശന ജാഗ്രതയും മുൻകരുതലും അധികൃതർ തുടരുന്നു. കണ്ടെയ്ൻമെന്റ് മേഖലകളിലും സമീപപ്രദേശങ്ങളിലും ജനങ്ങൾ പുറത്തിറങ്ങുന്നത് കർശനമായി വിലക്കി. രോഗവ്യാപനം തടയാൻ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുന്നതുൾപ്പെടെ അധികൃതർ പരിഗണിക്കുന്നു.ജില്ലയിൽ മൂന്നു പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃക്കാക്കര സ്വദേശിയിൽ നിന്ന് എടത്തല സ്വദേശിക്ക് പടർന്നു. തൃക്കാക്കര സ്വദേശി സമ്പർക്കം പുലർത്തിയവരെക്കുറിച്ച് അന്വേഷണം തുടരുകയാണ്. വൈപ്പിനിലെ പള്ളിപ്പുറം സ്വദേശിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടർ ജീവനക്കാരിയാണ് മറ്റൊരാൾ.

എറണാകുളം മാർക്കറ്റിൽ നിന്ന് കൂടുതൽ പേർക്ക് രോഗം ലഭിച്ചില്ലെന്നത് അധികൃതർക്ക് ആശ്വാസമായി. എങ്കിലും കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരുകയാണ്. കൊച്ചി നഗരസഭയിലെ 43, 44, 46, 55, 56 ഡിവിഷനുകളിലും തൃക്കാക്കരയിലെ 28ാം ഡിവിഷൻ എന്നിവ പൂർണമായി അടച്ചു. കണ്ടെയ്ൻമെന്റ് സോണുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് ഇന്നലെ പരിശോധിച്ചു.കൊച്ചി നഗരത്തിൽ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും കർശന പരിശോധന നടത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ അനൗൺസ്‌മെന്റായും നടത്തി. ഞായറാഴ്ചയായതിനാൽ നഗരം പൊതുവേ ശൂന്യമായിരുന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.