കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന മലയാള സിനിമയെ കരകയറ്റാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന സൂചന നൽകി താരസംഘടന അമ്മ. ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത അമ്മയുടെ യോഗം കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് നിറുത്തിവെച്ചു. കൊവിഡ് നിയന്ത്രണമുള്ള വൈറ്റില ചക്കരപ്പറമ്പിലെ ഹോട്ടലിൽ യോഗം വിളിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ ഉച്ചയ്ക്കാണ് അമ്മ നിർവാഹക സമിതി ചേർന്നത്. സിനിമാ മേഖലയുടെ തിരിച്ചുവരവിനായി താരങ്ങളും സഹകരിക്കണമെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.
അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ ഏതാനും ഭാരവാഹികൾ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. എല്ലാവർക്കും മുഴുവൻ സമയവും ഇരിക്കാനാവാത്തതിനെ തുടർന്ന് ചർച്ച പിന്നീട് നടത്താൻ തീരുമാനിച്ചു. അതിനിടെയാണ് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്. ഇതോടെ യോഗം അവസാനിപ്പിച്ചു.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും ഭാരവാഹി ടിനി ടോമും എത്തി സമരക്കാരെ അനുനയിപ്പിച്ചു. പ്രതിഫല ചർച്ച ഒരിക്കൽ കൂടി നടത്തി മാത്രമേ നിർമ്മാതാക്കളുടെ സംഘടനയെ തീരുമാനം അറിയിക്കൂ. സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക പ്രതിഫലം കുറയ്ക്കുന്നതിന് അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നു.