ആലുവ: കുട്ടമശേരി തുരുത്തിക്കാട് സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തെ ചികിത്സ തേടിയെത്തിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നേഴ്‌സുമാരും നിരീക്ഷണത്തിൽ. കൊവിഡ് കൺട്രോൾ സെന്ററിൽ നിന്നാണ് കുട്ടമശേരി സ്വദേശിയ്ക്ക് രോഗബാധയുണ്ടായെന്ന സ്ഥിരീകരണം ലഭിച്ചതെന്ന് കീഴ്മാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഭിലാഷ് അശോകൻ പറഞ്ഞു.
കൺസ്ട്രക്ഷൻ കരാറുകാരനാണ് കൊവിഡ് ബാധിച്ചത്. പഞ്ചായത്തിൽ മാത്രം 120 പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി. റൂട്ട് മാപ്പ് അനുസരിച്ച് ജൂൺ 27ന് കുട്ടമശ്ശേരി എം.എൻ. ഹാളിന് സമീപമുള്ള വീട്ടിൽ നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്തവർ, ജൂൺ 29, ജൂലായ് 3 തീയതികളിൽ കുട്ടമശേരി പ്രിസം ക്ലിനിക്കിൽ പോയവർ, ജൂൺ 30ന് വാഴക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയവർ എന്നിവരുടെ വിവരം പഞ്ചായത്ത് ശേഖരിക്കുന്നുണ്ട്.
ആലുവ എടത്തല സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആലുവ: തൃക്കാക്കര സ്വദേശിയ്ക്ക് കോവിഡ് അസുഖം ബാധിച്ചത് എടത്തല സ്വദേശിയിൽ നിന്ന്. എടത്തല ചുണങ്ങുംവേലി സ്വദേശിയായ 59കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ ഉറവിടം കണ്ടെത്താൻ നടത്തിയ പരിശോധനയുടെ ഭാഗമായാണ് എടത്തല സ്വദേശിയുടെ സ്രവം പരിശോധിച്ചത്. ഇദ്ദേഹത്തിന് നേരത്തെ തന്നെ രോഗലക്ഷങ്ങൾ ഉണ്ടായിരുന്നുവെന്നുംതൃക്കാക്കര സ്വദേശിയുമായി ജൂൺ 24 ന് ഇദ്ദേഹം സമ്പർക്കത്തിൽ വന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ 17 പേരോട് നിരീക്ഷണത്തിൽ കഴിയാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.