കൊച്ചി : കൊവിഡ് ബാധിച്ച് എറണാകുളം ജില്ലയിൽ ഒരാൾ കൂടി മരിച്ചു. തോപ്പുംപടി പ്യാരി ജംഗ്ഷൻ ഇ.എം.എസ് 18/376ൽ യൂസഫ് സൈഫുദ്ദീൻ (66) ആണ് മരിച്ചത്.

എറണാകുളം ടി.ഡി റോഡിൽ ഗുഡ് വിൽ ഹാർഡ്വെയർ ആൻഡ് മെഷിനറീസ് ഉടമയായ ഇദ്ദേഹം കൊവിഡ് ബാധിച്ച് ജൂൺ 28 മുതൽ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ദീർഘനാളായി പ്രമേഹരോഗിയാണ്. കൊവിഡിനെ തുടർന്ന് ശ്വാസകോശത്തിൽ ന്യൂമോണിയ സാരമായി ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഐ.സി.യുവിൽ ശ്വസനസഹായിയുടെ സഹായത്തോടെയായിരുന്നു ചികിത്സ. ന്യൂമോണിയ വ്യാപിച്ച് വൃക്കകളുടെ ഉൾപ്പടെയുള്ള പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചതോടെ നില വഷളായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ മരിച്ചു.

ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും കടയിലെ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന് തൊട്ടടുത്തുള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ഡ്രൈവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടു മരിച്ച യൂസഫ്. കൊവിഡ് ബാധിച്ച് സംസ്ഥാനത്തെ ആദ്യമരണം എറണാകുളം മട്ടാഞ്ചേരിയിലായിരുന്നു. ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ ആണ് മാർച്ച് 28ന് മരിച്ചത്. ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് യൂസഫിന്റേത്.