ചില്ലറ ബെല്ലി ഡാൻസും മദ്യസത്കാരവുമൊക്കെയായി ചില പരിപാടികൾ നടക്കുന്നുണ്ടെന്നേയുള്ളൂ. കൊവിഡിനെ പടിയടച്ചു പിണ്ഡം വയ്‌ക്കും വരെ മുണ്ടു മുറുക്കിയുടുക്കണമെന്ന ആഗോള സാമ്പത്തിക നയത്തോടു എല്ലാവരും പൊരുത്തപ്പെട്ട മട്ടാണ്. ഇത്തരമൊരു ഘട്ടത്തിൽ രാജ്യത്തെ ഹൈക്കോടതികൾ കയറിയിറങ്ങിയ ഒരു വിഷയമുണ്ട്. സ്കൂൾ ഫീസ്. കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ അന്ത്യത്തിലായിരുന്നു ലോക്ക് ഡൗൺ. പറഞ്ഞിട്ടെന്തുകാര്യം ? സി.ബി.എസ്. ഇ യടക്കമുള്ള പല സിലബസുകളും ഒാടുന്നത് ഇൗ സമയക്രമത്തിലല്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏപ്രിലും മേയും കടന്നതോടെ ഒാൺലൈൻ ക്ളാസുകളുടെ ചാകരയായി. മൊബൈൽ, ടി.വി, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, എന്നിങ്ങനെ മുന്നേറുമ്പോഴാണ് സ്കൂൾ ഫീസ് എന്ന വെള്ളിടി വെട്ടിയത്. ട്യൂഷൻ ഫീസ്, മെസ് ഫീസ്, സ്പെഷ്യൽ ഫീസ്, യൂണിഫോം ഫീസ്, ലൈബ്രറി ഫീസ് എന്നിങ്ങനെ കണ്ടതും കേട്ടതുമൊക്കെയായി നീട്ടിയൊരു തുകയെഴുതിയ രസീതി ഒാൺലൈനിൽ കിട്ടിയതോടെ രക്ഷിതാക്കൾ കൂട്ടത്തോടെ കോടതികളിലേക്കെത്തി. സ്കൂൾ ഫീസിനെതിരെ നൽകിയ ഹർജികളിൽ രാജ്യത്തെ ഹൈക്കോടതികൾ പല തരത്തിലാണ് പ്രതികരിച്ചത്. ഉത്തരഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ സ്കൂൾ ഫീസ് വിഷയത്തിൽ തീർപ്പു കല്പിച്ചിരുന്നു. എന്നിട്ടും തീരാതെ രക്ഷിതാക്കൾ സുപ്രീം കോടതിയിൽ അഭയം തേടിയിരിക്കുകയാണ്.

ആദ്യ വിധി ഉത്തരഖണ്ഡിൽ നിന്ന്

ഒാൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളിൽ നിന്ന് ട്യൂഷൻ ഫീസ് വാങ്ങരുതെന്ന് ഉത്തരഖണ്ഡ് ഹൈക്കോടതി വിധിച്ചു. ഒാൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്നവരിൽ നിന്ന് മാത്രമേ ഫീസ് വാങ്ങനാവൂ എന്നും ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥൻ, ജസ്റ്റിസ് ആർ.സി. ഖുൽബേ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ട്യൂഷൻ ഫീസ് ഒഴികെ മറ്റൊരു ഫീസും വാങ്ങരുതെന്ന സർക്കാരിന്റെ ഉത്തരവ് കൂടി ശരിവച്ചായിരുന്നു വിധി. ഫീസ് നൽകാത്ത കുട്ടികളെ പുറത്താക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. ഫീസ് വിഷയം സർക്കാരുമായി ആലോചിച്ചു പരിഹരിക്കാൻ എ.ജിക്ക് നിർദ്ദേശം നൽകിയ ഗുജറാത്ത് ഹൈക്കോടതി വിഷയം ജൂലായ് 17 ന് വീണ്ടും പരിഗണിക്കും.

ക്ളാസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫീസു വേണം

ഒാൺലൈൻ ക്ളാസുകൾ നടത്തിയാലും ഇല്ലെങ്കിലും ലോക്ക് ഡൗൺ കാലത്തെ ഫീസ് ഇൗടാക്കാൻ സ്കൂൾ അധികൃതർക്ക് അവകാശമുണ്ടെന്നായിരുന്നു പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ വിധി. ലോക്ക് ഡൗൺ കാലത്ത് സ്കൂൾ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പറഞ്ഞത്. ഒാൺലൈൻ ക്ളാസുകൾ നടത്തുന്ന സാഹചര്യത്തിൽ ട്യൂഷൻ ഫീസ് വാങ്ങുന്നതിൽ തെറ്റില്ലെന്ന് ഡൽഹി ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് സ്കൂളുകൾ പൂട്ടിയിടേണ്ടി വന്നെങ്കിലും അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം മുടങ്ങാതെ നൽകേണ്ട സാഹചര്യമുള്ളതിനാൽ ട്യൂഷൻ ഫീസ് ഒഴിവാക്കാൻ കഴിയില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിരീക്ഷണം. ഒാൺലൈൻ ക്ളാസുകൾ വഴി അദ്ധ്യയനം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഫീസ് ഒഴിവാക്കണമെന്ന ആവശ്യം അനുവദിക്കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കിയത്. സമാന നിലപാടാണ് അലഹബാദ് ഹൈക്കോടതിയും സ്വീകരിച്ചത്. ലോക്ക് ഡൗണിനെ അവധി ദിനങ്ങളായി കണക്കാക്കണമെന്നും ഫീസ് ഒഴിവാക്കണമെന്നുമുള്ള ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതി മിക്ക സ്കൂളുകളിലും ഒാൺലൈൻ ക്ളാസുകൾ നടക്കുന്നുണ്ടെന്ന് വിലയിരുത്തി.

സർക്കാരിനോടു പറഞ്ഞോളൂ

കൊവിഡ് കാലത്തെ മുൻനിറുത്തി സ്കൂൾ ഫീസ് പകുതിയായി കുറയ്ക്കണമെന്ന ഹർജി തള്ളിയ മുംബയ് ഹൈക്കോടതി ഇത്തരമൊരു ആവശ്യവുമായി സർക്കാരിനെ സമീപിക്കാനാണ് നിർദ്ദേശിച്ചത്. നയപരമായ തീരുമാനം ഇതിൽ വേണ്ടതെന്നും അക്കാഡമിക് വിഷയമായതിനാൽ കോടതി അകലം പാലിക്കുന്നതാണ് ഉചിതമെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സ്കൂൾ ഫീസ് എഴുതിത്തള്ളമെന്ന ഹർജി സർക്കാരിന്റെ നയതീരുമാനം രേഖപ്പെടുത്തിയാണ് രാജസ്ഥാൻ ഹൈക്കോടതി തീർപ്പാക്കിയത്. മാർച്ച് വരെയുള്ള ഫീസ് കുടിശ്ശിക അടയ്ക്കാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി നൽകിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചിരുന്നു. മദ്ധ്യപ്രദേശ് ഹൈക്കോടതി ലോക്ക് ഡൗൺ കാലത്തെ ഫീസ് വാങ്ങുമ്പോൾ മെസ് ഫീസ്, ബസ് ഫീസ് തുടങ്ങിയ അനാവശ്യ ഫീസുകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചത്. അൺ എയ്ഡഡ് സി.ബി.എസ്.ഇ സ്കൂൾ അസോസിയേഷൻ നൽകിയ ഹർജിയിൽ സർക്കാരിന്റെ നിലപാടു തേടിയിട്ടുമുണ്ട്. മദ്രാസ്, കൊൽക്കത്ത, ഒഡീഷ ഹൈക്കോടതികളിലും സമാന ഹർജികൾ നിലവിലുണ്ട്.