കോലഞ്ചേരി: കച്ചവടമില്ല, കഷ്ടപ്പാടു മാത്രം, ലോക്ക് ഡൗൺ കഴിഞ്ഞതോട‌െ വ്യാപാരം ലോക്കായി. കട പൂട്ടലല്ലാതെ മാർഗമില്ല. കട ബാദ്ധ്യതകളുടെ കണക്കു പുസ്തകത്തിൽ ഓരോ ദിവസവും വർദ്ധനവു മാത്രം. വാങ്ങിവെച്ച സ്റ്റോക്കുകൾ മുതൽ കച്ചവടത്തിനായി എടുത്ത വായ്പകൾ വരെ നഷ്ടത്തിലാണ്. എങ്കിലും മഹാമാരിയിൽനിന്ന് രക്ഷനേടാൻ അടച്ചിടൽ അനിവാര്യമാണെന്ന് മനസിലാക്കിയ വ്യാപാരികൾ നാടിനൊപ്പം നിന്നു. ഒടുവിൽ 55 ദിവസത്തെ വിലക്കിന് ശേഷം വ്യാപാരസ്ഥാപനങ്ങൾ തുറന്നു. പക്ഷേ, രണ്ടു മാസം പിന്നിട്ടിട്ടും പ്രതീക്ഷകൾ അസ്ഥാനത്തായി.കച്ചവടമില്ലാതെ കഷ്ടപ്പെടുകയാണ് മിക്ക വ്യാപാരികളും.

#വിറ്റു തീരാത്തവ നശിച്ചു

ലോക്ക് ഡൗൺ കാലത്ത് ചെറുകിട ബേക്കറിക്കാരുടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വില്പന കാലാവധി കഴിഞ്ഞ് നശിച്ചത്. ഭക്ഷ്യശാലകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും ടൗണുകളിലും ബസ് സ്റ്റാൻഡുകളിലും ആളെത്താത്തതിനാൽ വ്യാപാരികൾ പലരും കട തുറന്നിരുന്നില്ല. തുറന്നവയിൽ കച്ചവടവും കുറവായിരുന്നു. സാധനങ്ങൾ നശിച്ചപ്പോൾ ഇത് മാറി നൽകുന്നതിന് പല മൊത്തകച്ചവടക്കാരും തയ്യാറായില്ല.

#വാങ്ങാൻ ആളില്ല

തുണിത്തരങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ചെരുപ്പുകൾ തുടങ്ങിയവയെല്ലാം സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവയാണ്. ലോക്ക് ഡൗണിന് ശേഷം മ​റ്റ് സംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ എത്തുന്നില്ല. ഉള്ളതിന് വിലയും കൂടി. ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു.

#പാഴ്‌സലിൽ നേരിയ ആശ്വാസം

പള്ളിക്കര, കോലഞ്ചേരിയിൽ ദേശീയ പാതയിലുള്ള ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് പ്രധാനമായും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ്. ഭക്ഷണശാലകളിലെ പാഴ്‌സലിന് ആവശ്യക്കാരുള്ളതാണ് ഏക ആശ്വാസം. തലയ്ക്ക് മുകളിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും വ്യാപാരികൾ അതിജീവിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. മൊബൈൽ വഴി ഓർഡർ സ്വീകരിക്കുന്ന വ്യാപാരികൾ വീടുകളിൽ സാധനങ്ങൾ എത്തിച്ച് നൽകുന്നുണ്ട്.