പിറവം: രാമമംഗലം പഞ്ചായത്ത് ആറാംവാർഡിൽ കിഴുമുറി ഗവ.എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന ഗ്രാമപഞ്ചായത്തംഗം എൻ.ആർ. ശ്രീനിവാസന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നാടിന് മാതൃകയാകുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിനായി 70 ഗ്രാം അപരാജിതചൂർണം വാർഡിലെ മുന്നൂറോളം കുടുംബങ്ങളിലും സൗജന്യമായി വിതരണം നടത്തി. 10 ഗ്രാം ചൂർണം എല്ലാ വീടുകളിലും വൈകിട്ട് ആറോടെ പുകയ്ക്കും. കൊതുകുനശീകരണത്തിന് പണ്ടുകാലം മുതൽക്കെ സ്വീകരിച്ചുവരുന്നതാണ് സമ്പ്രദായമാണിത്. പദ്ധതി രാമമംഗലം സബ് ഇൻസ്പെക്ടർ സജിമോൻ. എം.എൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ ബാബു ജോസഫ്, രാമമംഗലം അസി. സബ് ഇൻസ്പെക്ടർ എസ്. ശിവകുമാർ, സച്ചു ജോസഫ്, കെ.എസ്. വൽസൻ, വി.വി. ജോസഫ്, സിജി രാജു, ഷെെല ശശി, കെ.സി ബേബി, റോയി കുര്യൻ, ബേബി വർഗീസ്, ആതിഷ് വൽസൻ തുടങ്ങിയവർ പങ്കെടുത്തു.
# ആരോഗ്യ ജാഗ്രതാസമിതി
വിവിധ വകുപ്പുകളുടെ വാർഡുതല ഏകോപനയോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. തുടർന്ന് ആരോഗ്യ ജാഗ്രതാസമിതികൾ രൂപീകരിച്ചു. ആശാവർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ വിവിധ സന്നദ്ധസേനകൾ രൂപീകരിച്ചു.
#ലഘുലേഖ വിതരണം
മഴക്കാലം എത്തിയതോടെ പകർച്ചവ്യാധികൾക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച ലഘുലേഖകൾ വീടുവീടാന്തരം കയറിയിറങ്ങിയാണ് വിതരണംചെയ്തത്. ഹൗസ് ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്ക് സൗജന്യ ക്വാറന്റൈൻ സൗകര്യമൊരുക്കിയതിനു പുറമേ കൊവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ അടങ്ങിയ നോട്ടീസ് വാർഡിലെ എല്ലാ വീടുകളിലുമെത്തിച്ചു.