കൊച്ചി: ആറ്റിങ്ങൽ ബൈപാസ് നിർമ്മാണത്തിനായി തിരുവാറാട്ടുകാവ് ക്ഷേത്രത്തിന്റെ ഭൂമി ദേശീയപാത അതോറിട്ടി ഏറ്റെടുക്കുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പരദേവതാസ്ഥാനമുള്ള ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും സ്ഥലമേറ്റെടുക്കുമ്പോൾ ക്ഷേത്രത്തിലെ പാട്ടുപുര ഉൾപ്പെടെ പൊളിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ക്ഷേത്രത്തിന്റെ ചുറ്റുമതിൽ മാത്രമാണ് പൊളിക്കേണ്ടിവരികയെന്നും 2017ൽ അലൈൻമെന്റ് തയ്യാറാക്കി സർക്കാരിനെ അറിയിച്ചിരുന്നതാണെന്നും ദേശീയപാത അതോറിട്ടിയുടെ അഭിഭാഷകൻ വാദിച്ചു. പക്ഷേ ചുറ്റുമതിൽ മാത്രമല്ല പാട്ടുപുരയും പൊളിക്കേണ്ടിവരുമെന്നും തങ്ങളെ അറിയിക്കാതെയാണ് സ്ഥലമേറ്റെടുപ്പുമായി മുന്നോട്ടുപോയതെന്നും ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്ന് സ്ഥലമേറ്റെടുപ്പിന്റെയും നിർദ്ദിഷ്ട ബൈപാസിന്റെയും രൂപരേഖയടക്കമുള്ള എല്ലാ ഫയലുകളും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.