sijokuruvila
സിജോ കുരുവിള ജോർജ്

കൊച്ചി: സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥാപക സി.ഇ.ഒയും റീ തിങ്ക് ഫൗണ്ടേഷൻ സ്ഥാപകനുമായ സിജോ കുരുവിള ജോർജ് കേന്ദ്രസർക്കാരിന്റെ ശാസ്ത്രസാങ്കേതിക നയരൂപീകരണത്തിനായുള്ള സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംരഭകത്വം സംബന്ധിച്ച നയങ്ങൾ രൂപീകരിക്കുന്ന എട്ടംഗസമിതിയിലാണ് സിജോയും ഇടംപിടിച്ചത്.

നിലവിലുള്ള 2013 ലെ നയം പുതുക്കുകയാണ് സംഘത്തിന്റെ ദൗത്യം. സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളോടും ശുപാർശ തേടിയാണ് നയം തയ്യാറാക്കുക. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ തലവനായ ഹർക്കേഷ് മിത്തലാണ് സമിതി തലവൻ. സ്റ്റാർട്ടപ്പ് ഇന്ത്യ ഡയറക്ടർ ശ്രുതി സിംഗും സംഘത്തിലുണ്ട്.

പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ രാജ്യത്ത് ആരംഭിച്ച ആദ്യ ടെലികോം ഇൻക്യുബേറ്ററായ സ്റ്റാർട്ടപ്പ് വില്ലേജിനെ അഞ്ചുവർഷം നയിച്ചത് സിജോ കുരുവിളയാണ്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്‌മെന്റിന്റെ ഇന്റർനാഷണൽ വിസിറ്റേഴ്‌സ് ലീഡർഷിപ്പ് പ്രോഗ്രാമുൾപ്പെടെ രാജ്യാന്തര അംഗീകാരങ്ങളും നേടിയിട്ടുണ്ട്.