ആലുവ: പാസ്‌പോർട്ട് വെരിഫിക്കേഷനിൽ ദേശീയതലത്തിൽ എറണാകുളം റൂറൽ ജില്ലാ പൊലീസിന് ഒന്നാം സ്ഥാനം. ശരാശരി ഒരുദിവസം കൊണ്ടാണ് റൂറൽ ജില്ല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതാണ് ദേശീയതലത്തിൽ റൂറൽ ജില്ലയെ ഒന്നാമതാക്കിയത്.
കെ. കാർത്തിക് തൃശൂർ ജില്ലാ പൊലീസ് മേധാവിയായിരിക്കെ 2016ൽ രൂപകൽപ്പന ചെയ്ത ഇ.വി.ഐ.പി (ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇൻ പാസ്‌പോർട്ട്) ആപ്ലിക്കേഷനിലൂടെയാണ് സംസ്ഥാനമാകെ വെരിഫിക്കേഷൻ നടത്തുന്നത്. പാസ്‌പോർട്ട് ലഭ്യമാകുന്നതിനുള്ള പരിശോധന നടപടിക്രമങ്ങൾ ഏറ്റവും വേഗതയിലും കടലാസുരഹിതവുമായാണ് നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പാസ്‌പോർട്ട് ഓഫീസിൽനിന്ന് ജില്ലാ പൊലീസ് ആസ്ഥാനത്ത് ലഭിക്കുന്ന അപേക്ഷകൾ ഡൗൺലോഡ് ചെയ്ത് ആപ്പ് വഴി ഫീൽഡ് വെരിഫിക്കേഷൻ ഓഫീസർക്ക് അയക്കുകയും അവർ സമയബന്ധിതമായി പരിശോധന നടത്തി തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്. ഒരുദിവസംകൊണ്ട് ഇത് പൂർത്തിയാകും. ഇതിനായി 50 മൊബൈൽഫോണുകൾ നൽകിയിട്ടുണ്ട്.
നേരത്തെ 21 ദിവസത്തിനകം പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം എന്നതായിരുന്നു ചട്ടം. എന്നാൽ പലപ്പോഴും സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് പുതിയ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തതെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.