മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഡ്രൈവർക്കും ഭാര്യയ്ക്കും കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മണ്ഡലം നിയന്ത്രണങ്ങൾ കർശനമാക്കുന്നു.നഗരത്തിലേയും നാട്ടിൻപുറങ്ങളിലേയും വ്യാപാരികൾക്കും ഫെയ്‌സ് ഷീൽഡ് നിർബന്ധമാക്കി. യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ, ആർ.ഡി.ഒ. ചന്ദ്രശേഖരൻ നായർ.കെ, തഹസീൽദാർ കെ.എസ്.സതീശൻ, ഡി.വൈ.എസ്.പി.മുഹമ്മദ് റിയാസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ, ഫയർ ഓഫീസർ ടി.കെ.സുരേഷ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, ജനറൽ സെക്രട്ടറി ഗോപകുമാർ എന്നിവർ പങ്കെടുത്തു.
#5 വാർഡ് കണ്ടെയ്ൻമെന്റ് സോൺ
പഞ്ചായത്തിലെ അഞ്ചാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി മൂവാറ്റുപുഴ ആർ.ഡി.ഒ.ഓഫീസിൽ ചേർന്ന ഉന്നതതല യോഗം അറിയിച്ചു.
#ഞാറാഴ്ച ലോക്ക്
ഞാറാഴ്ച നിയോജക മണ്ഡലത്തിലെ നഗരസഭയിലും മുഴുവൻ പഞ്ചായത്തുകളിലും സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കും.
#നേരിയ ഇളവുകൾ
മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ്, ഹോട്ടലുകളെ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴുവരെ മെഡിക്കൽ സ്റ്റോറുകളെയും ഹോട്ടലുകളെയും പെട്രോൾ പമ്പുകളും ഒഴിച്ചുള്ള സൂപ്പർമാർക്കറ്റുകളുടെയും മാളുകളുടെയും അടക്കം മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും സമയം ക്രമീകരിക്കും.
#പരിശോധന കർശനം
മാസ്‌ക് ധരിക്കാത്തവർക്കെതിരെ പൊലീസ് കർശന നടപടി എടുക്കും.അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി വാഹനങ്ങൾ ലോഡുമായി എത്തുന്ന നിയോജക മണ്ഡലത്തിലെ തിരക്കേറിയ കാവുംങ്കര മാർക്കറ്റ്, പുളിഞ്ചോട് മത്സ്യമാർക്കറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ കൊവിഡ് 19 പ്രോട്ടക്കോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും വ്യാപാരി അസോസിയേഷനുകളുമായി ആലോചിച്ച് വേണ്ട ക്രമീകരണങ്ങൾ നടപ്പാക്കുന്നതിനും ആർ.ഡി.ഒയെ ചുമതലപ്പെടുത്തി.
#ക്വാറന്റൈയിൻ സെന്റർ
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്വാറന്റൈയിൻ സെന്ററിൽ ചെറിയ വീടുള്ളവർക്കും, വീടുകളിൽ കിടപ്പ് രോഗികൾ, പ്രായമായവർ എന്നിവർക്കാണ് സൗകര്യമൊരുക്കുക. ഇതിന്റെ നടത്തിപ്പിനായി വിവിധ സന്നദ്ധസംഘടനകളുടെ സാമ്പത്തിക സാഹായവും ക്രമീകരിച്ച് നൽകും. ക്വാറന്റൈയിൻ സെന്ററുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ ശുചീകരണത്തൊഴിലാളികളെ ലഭ്യമാകാത്തതാണ്. ഇത് പരിഹരിക്കുന്നതിന് ശുചീകരണത്തിനാവശ്യമായ ആളുകളെ കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുണിനെ യോഗം ചുമതലപ്പെടുത്തി.