ആലുവ: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ജനം പൂർണമായി സഹകരിച്ചില്ലെങ്കിൽ തലസ്ഥാന ജില്ലയുടേത പോലെ ആലുവ ഉൾപ്പെടെ എറണാകുളം ജില്ലയുടെ പല ഭാഗത്തും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ആലുവ മാർക്കറ്റ് ഭാഗീകമായി തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ആലുവ പാലസിൽ ചേർന്ന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് രോഗ വ്യാപനം ഉണ്ടായിട്ടും ചിലർ പൊലീസിനെ കാണുമ്പോൾ മാത്രമാണ് മാസ്ക് ധരിക്കുന്നത്. ആലുവ മാർക്കറ്റിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ചരക്ക് വരുന്നത്. അതിനാൽ നിയന്ത്രണം നടപ്പാക്കാതെ കഴിയില്ല. പൊലീസിനോടും ആരോഗ്യപ്രവർത്തകരോടും സഹകരിക്കുകയെന്നതാണ് ഇപ്പോൾ ജനങ്ങളുടെ കടമയെന്നും മന്ത്രി പറഞ്ഞു.