ആലുവ: കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് നടപടി കർശനമാക്കി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ആലുവ മാർക്കറ്റ്, പറവൂർ, വരാപ്പുഴ മത്സ്യ ചന്ത എന്നിവിടങ്ങളിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നേരിട്ട് പരിശോധന നടത്തി. വരാപ്പുഴയിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തുമെന്ന് എസ്.പി പറഞ്ഞു. മൊത്ത വിതരണക്കാരേയും ചില്ലറ വില്പനക്കാരേയും ഒരേ സമയം വ്യാപാരം നടത്താൻ അനുവദിക്കില്ലെന്നും എസ്.പി പറഞ്ഞു.

വ്യാപാരം ചെയ്യുവാനുള്ള സ്ഥലം മാർക്ക് ചെയ്ത് ക്രമീകരിക്കും. മാസ്ക് നിർബന്ധമാണ്. സാനിറ്റെസർ ഉറപ്പു വരുത്തണം . മാർക്കറ്റിലേക്ക് വരുന്നതും പോകുന്നതും പ്രത്യേക കവാടങ്ങങ്ങളിലൂടെയായിരിക്കും. ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക് ഡിസിസ് ഓർഡിനൻസ് പ്രകാരം കേസെടുക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കടകളുടെ ലൈസൻസ് റദ്ദ് ചെയ്യും. നായരമ്പലം, പാറക്കടവ്, കടുങ്ങല്ലുർ, ആമ്പല്ലൂർ, കാഞ്ഞൂർ, പൈങ്ങോട്ടൂർ, പള്ളിപ്പുറം, എടത്തല, കീഴ്മാട് എന്നീ പഞ്ചായത്തുകളിലും ആലുവ, നോർത്ത് പറവൂർ, പിറവം നഗരസഭകളിലുമായി 16 കണ്ടയ്‌മെന്റ് സോണുകളുണ്ട്. ഇവിടം കർശന പൊലീസ് നിരീക്ഷണത്തിലാണ്.

സോണുകളിലേക്കുള്ള പ്രധാന കവാടങ്ങളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. മൈക്രോഫോണിലൂടെ അനൗൺസ്‌മെന്റുമുണ്ട്. ലോക്ക് ഡൗൺ ലംഘകർക്കെതിരെ കർശന നടപടിയുമായി പൊലിസ് മുമ്പോട്ടു പോകുമെന്ന് എസ്.പി അറിയിച്ചു.