മൂവാറ്റുപുഴ: കൊവിഡ് കാലത്തെ രചനകൾ കൂട്ടിയിണക്കി മൂവാറ്റുപുഴ പേഴക്കാപ്പിള്ളി മിരാസ് ഡിജിറ്റൽ ലൈബ്രറി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ഡിജിറ്റൽ മാസികയായ വോയിസ് ഒഫ് മീരാസിന്റെ പ്രഥമ ലക്കം ബഷീർ ദിനത്തിൽ എൽദോ എബ്രഹാം എം.എൽ.എ പ്രകാശനം നിർവഹിച്ചു. കരിയർ ഗൈഡൻസ് ,മോട്ടിവേഷൻ, ജോലി സാധ്യതകൾ , എന്നിവ കൂടാതെ കൊവിഡ് കാലത്തെ കൂട്ടുകാരുടെ സാഹിത്യസൃഷ്ടികൾ കൂടി ഉൾപ്പെടുത്തിയാണ് ലക്കം തയ്യാറാക്കിയിട്ടുള്ളത്. കൂടുതൽ പഠിക്കുന്നതിനും മത്സരപരീക്ഷകൾക്ക് സ്വയം തയ്യാറാക്കാനുള്ള മാനസികാവസ്ഥയിലേക്ക് വരുന്ന തലമുറയെ രൂപപ്പെടുത്തലുമാണ് മാസികയുടെ ലക്ഷ്യമെന്ന് മിരാസ് ഡിജിറ്റൽ ലൈബ്രറി ചെയർമാൻ ഡോക്ടർ പി.ബി. സലീം ഐ.എ.എസ് പറഞ്ഞു. പഠന സംബന്ധിയായ പ്രമുഖരുടെ കുറിപ്പുകൾ കൂടി വരും ലക്കങ്ങളിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.