പറവൂർ: നഗരത്തോട് ചേർന്നുള്ള വാർഡിൽ കൊവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ നഗര പരിധിയിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കി. ഇന്നലെ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തിരുമാനം. അടുത്ത ഒരാഴ്ചത്തേയ്ക്ക് നഗര പ്രദേശത്ത് സമരങ്ങൾ, പൊതുപരിപാടികൾ അനുവദിക്കില്ല. വിദേശത്തു നിന്നും എത്തുന്നവർക്ക് 28 ദിവസത്തെ ക്വാറന്റൈൻ പൂർത്തികരിച്ചാൽ മാത്രമേ ആശുപത്രിയിൽ നിന്നും സർട്ടിഫിക്കറ്റ് നൽക്കൂ. ഗോഡൗണിലടക്കം അന്യസംസ്ഥാന തൊഴിലാളികൾ എത്തുമ്പോൾ പുറത്ത് ഇറങ്ങാതിരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ സ്ഥാപന ഉടമകൾ നൽകണം. ആശുപത്രിയിലെ ആശാവർക്കർമാക്കും സെക്യൂരിറ്റി ജീവനക്കാർക്കും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മുനിസിപ്പൽതല മോണിറ്ററിംഗ് കമ്മിറ്റിയും വാർഡുതല കമ്മിറ്റിയും അടിയന്തരമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാൻ പരിശോധന നടത്തും. കണ്ടൈമെന്റ് സോണിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കും. മാസ്ക് ധരികാത്തവർക്കെതിരെ നടപടി സ്വീകരിക്കും. കുട്ടികളും പ്രായമായവും പുറത്തിറങ്ങുന്നത് പരിശോധിക്കും. പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുന്നത് നിയന്ത്രിക്കും. ഫയർഫോഴ്സും നഗരസഭയും സംയുക്തമായി അണുനശീകരണം നടത്തും.

കൊവിഡ് സ്ഥിതീകരിച്ച വൈദീക വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളെ കൊവിഡ് ടെസ്റ്റിനുള്ള സാമ്പിൾ ശേഖരിച്ചു. കുട്ടിയടക്കം ആറു പേരയാണ് പരിശോധിക്കുന്നത്. അടുത്ത ദിവസം ഫലം ലഭിക്കും. കണ്ടൈൻമെന്റ് സോണിൽ ഇന്നലെ രാവിലെ ആലുവ റൂറൽ എസ്.പി കാർത്തിക് സന്ദർശനം നടത്തി സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.