അങ്കമാലി:നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ജീവിത ശൈലി രോഗനിർണയ ക്ലിനിക് മൊബൈൽ ലാബ്‌ന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4ന് താലൂക്ക് ആശുപത്രിയിൽ വച്ച് സംസ്ഥാനവനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ നിർവഹിക്കും.നഗരസഭ ചെയർപേഴ്‌സൺ എം.എ ഗ്രേസി അദ്ധ്യക്ഷത വഹിക്കും. നഗരസഭയുടെ 30 വാർഡുകളിലും സേവനം എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ദിവസവും 3 വാർഡുകളിൽ നിന്നും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ നിന്നും രക്തസാമ്പിളുകൾ ശേഖരിക്കുകയും താലൂക്കാശുപത്രിയുടെ ലാബിൽ ടെസ്റ്റ് ചെയ്ത് റിസൾട്ട് ഒരു ദിവസത്തിനുള്ളിൽ അതത് പ്രദേശത്ത് ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.പ്രമേഹം, കൊളസ്‌ട്രോൾ, യൂറിക്ക് ആസിഡ്, ക്രിയാറ്റിൻ, കരൾവൃക്ക സംബന്ധമായ രോഗങ്ങൾ, എച്ച് ഐ വി ടെസ്റ്റ് എന്നിവയാണ് സർക്കാർ നിരക്കിൽ ചെയ്യുന്നത്.