vidhu-

കൊച്ചി: വി​മൻ ഇൻ സി​നി​മാ കളക്ടീവിന് (ഡബ്ല്യു.സി.സി) ഇരട്ടത്താപ്പും വരേണ്യവർഗ ധാർഷ്ട്യവുമാണെന്ന് സംഘടനയിൽ നിന്ന് രാജിവച്ച സംവിധായിക വിധു വിൻസെന്റ് പറഞ്ഞു. നടൻ ദിലീപുമായി അടുപ്പമുള്ള ബി.ഉണ്ണിക്കൃഷ്ണൻ തന്റെ സിനിമ നിർമ്മിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. ദിലീപിനോട് ബന്ധമുള്ളവരോട് തൊട്ടുകൂടായ്‌മ പാലിക്കണമെന്ന നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും വിധു വ്യക്തമാക്കി.

ഫേസ്ബുക്കിലാണ് രാജിക്കത്ത് പരസ്യപ്പെടുത്തിയത്. രാജിക്കുശേഷവും ചിലർ വ്യക്തിഹത്യയും അപവാദപ്രചരണത്തിനും ഇരയാക്കുന്നതിനാലാണ് കത്ത് പരസ്യപ്പെടുത്തുന്നതെന്നും വിധു പറയുന്നു.

താൻ സംവിധാനം ചെയ്ത സ്റ്റാൻഡ് അപ്പ് സിനിമയുടെ നിർമ്മാണത്തിൽ ബി. ഉണ്ണിക്കൃഷ്ണനും പങ്കാളിയാണ്. അതിൽ ഡബ്ല്യു.സി.സിയിലെ ചിലർക്ക് അതൃപ്തിയുണ്ടായി. തിരക്കഥ തയ്യാറാക്കി നിർമ്മാതാവിനെ കണ്ടെത്താൻ ക്ളേശിച്ചു. പാർവതിയെ അഭിനയിക്കാൻ സമീപിച്ചിരുന്നു. തിരക്കഥ നൽകി ആറുമാസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനാൽ ഒഴിവാക്കി. പിന്നീടാണ് ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും നിർമ്മാണത്തിൽ പങ്കാളിയാത്.

ഉണ്ണിക്കൃഷ്ണൻ നിർമ്മാതാവായത് സംഘടനയിൽ ചർച്ച ചെയ്യണമെന്ന് ചിലർ ആവശ്യപ്പെട്ടു. സിനിമയിലെ തൊഴിലാളി സംഘടനാ നേതാവാണ് ഉണ്ണിക്കൃഷ്ണൻ എന്നാണ് മറുപടി. അദ്ദേഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സ്വകാര്യജീവിതം ഇഴകീറിയേ സഹകരിക്കാവൂവെന്ന അന്തപ്പുരവാസികളുടെ തീട്ടൂരം സ്വീകരിക്കില്ല. അവരോട് ചോദിച്ചേ സഹകരിക്കാവൂവെന്ന വരേണ്യധാർഷ്ട്യവും അംഗീകരിക്കില്ല.

ദിലീപിനോട് അടുപ്പമുള്ളവരോടൊത്ത് ഡബ്ല്യു.സി.സി അംഗങ്ങൾ അഭിനയിച്ചതിനെ ചോദ്യംചെയ്യാതെ തന്നോട് പ്രതിഷേധിക്കുന്നത് ഇരട്ടത്താപ്പാണ്. ദിലീപിനെ ജയിലിൽ സന്ദർശിച്ച സിദ്ദിഖിനൊപ്പം പാർവതി ഉയരെയിൽ അഭിനയിച്ചു. രമ്യാനമ്പീശന്റെ സഹോദരന്റെ സ്റ്റുഡിയോയിൽ ആദ്യം നിർവഹിച്ചത് ദിലീപിന്റെ സിനിമയുടെ ജോലിയായിരുന്നു. ചിലർക്കാകാം ചിലർക്ക് പാടില്ലെന്ന നിലപാട് അംഗീകരിക്കില്ല. സിനിമയിലെ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയെന്ന് ഇനിയും പറയരുതെന്ന് ഭാരവാഹികളോട് വിധു ആവശ്യപ്പെടുന്നു.