ആലുവ: ആലുവ മേഖലയിൽ കടുങ്ങല്ലൂരിന് പുറമെ എടത്തലയിലും കീഴ്മാട്ടിലും ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ ജനങ്ങൾ കൂടുതൽ ആശങ്കയിലായി. കടുങ്ങല്ലൂർ പഞ്ചായത്തിൽപ്പെട്ട ആലുവ നഗരത്തോട് ചേർന്ന് കിടക്കുന്ന ഉളയന്നൂർ എട്ടാം വാർഡാണ് ശനിയാഴ്ച്ച രാത്രി മുതൽ കണ്ടെയ്ൻമെന്റ് സോണാക്കിയത്.
#എടത്തലയും കീഴ്മാടും കണ്ടെയ്ൻമെന്റ് സോണുകൾ
ഇന്നലെ രാവിലെ മുതലാണ് എടത്തല പഞ്ചായത്തിൽപ്പെട്ട 13,4 വാർഡുകളും കീഴ്മാട് പഞ്ചയത്തിൽപ്പെട്ട കുട്ടമശേരി അഞ്ചാം വാർഡും കണ്ടെയ്ൻമെന്റ് സോൺ ആക്കിയത്. കടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും കീഴ്മാട് കെട്ടിട നിർമ്മാണ കരാറുകാരനും എടത്തലയിൽ ചെറുകിട വ്യവസായിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂവരും ഏറെ ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നതാണ് ആശങ്ക ഉയരാൻ കാരണം. ഇവരുമായി ബന്ധപ്പെട്ട നിരവധി പേരാണ് ഹോം ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുള്ളത്.
എടത്തല പഞ്ചായത്തിൽപ്പെട്ട ചുണങ്ങംവേലിയും മണലിമുക്കുമാണ് കണ്ടെയ്ൻമെന്റ് സോണിൽപ്പെടുന്നത്. ചുണങ്ങംവേലിയിൽ ആലുവ - മൂന്നാർ റോഡിന്റെ ഒരു ഭാഗം കീഴ്മാട് ഗ്രാമപഞ്ചായത്താണ്. അതിനാൽ ഇവിടെ കീഴ്മാട് ഭാഗത്തെ കടകളും അടഞ്ഞുകിടക്കുകയാണ്. സഹൃദയപുരം പാലം മുതൽ ഐ.എസ്.ആർ.ഒ കവല വരെയുള്ള കടകളും ഇടറോഡുകളുമെല്ലാം പൊലീസ് അടച്ചിട്ടുണ്ട്. മണലിമുക്കിലും ഇടറോഡുകളെല്ലാം പൊലീസ് അടപ്പിച്ചിട്ടുണ്ട്. എടത്തലയിലെ കൊവിഡ് ബാധിതന്റെ വീട് ചുണങ്ങംവേലിയിലാണെങ്കിലും മണലിമുക്കിലാണ് ഇദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനം പ്രവർത്തിക്കുന്നത്. അതിനാലാണ് മണലിമുക്കും കണ്ടെയ്ൻമെന്റ് സോണായത്.
#റോഡുകളടച്ചു
കീഴ്മാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കുട്ടമശ്ശേരി തുരുത്തിക്കാട്, കോതേലിപറമ്പ്, സൂര്യനഗർ, പന്തലുമാവുങ്കൽ കവലയിലെ ഒരു ഭാഗം, നീലേത്ത് ഭാഗം, ചാലക്കൽ മുതൽ കുട്ടമശേരി വരെയുളള ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് അഞ്ചാം വാർഡ്. കണ്ടെയ്‌ൻമെന്റ് സോണായതിനാൽ കൂട്ടമശേരി തുരുത്തിക്കാട് റോഡ്, പന്തലുമാവുങ്കൽ കുട്ടശേരി റോഡ്, കുട്ടമശേരി കനാൽ റോഡ്, കുന്നശ്ശേരി പള്ളം - കുട്ടമശേരി റോഡ് എന്നിവ പൊലീസ് അടച്ചു.