കൊച്ചി: കേരളത്തിലെ സ്വർണക്കള്ളടത്തിന്റെ മൂല്യം ഒന്നര ലക്ഷം കോടി രൂപയോളം വരുമെന്നാണ് ഏകദേശ കണക്ക്. സുസംഘടിതമായ സ്വർണക്കള്ളക്കടത്തുകാരുടെ സംഘങ്ങൾ ഗൾഫിൽ നിന്നുള്ള ഓരോ വിമാനത്തിലുമുണ്ട്. ചുരുക്കം പേർ മാത്രമാണ് പിടിക്കപ്പെടുക. അതിലേറെയും സംഘങ്ങളുടെ കുടിപ്പക മൂലം ഒറ്റിക്കൊടുക്കന്നതിനാലും.
നിയമപ്രകാരം കച്ചവടം നടത്തുന്ന ഒരു സ്വർണാഭരണ വ്യാപാരി ഒരു കിലോഗ്രാം സ്വർണം വാങ്ങാൻ ബാങ്കുകൾക്ക് നൽകേണ്ട തുക ഇന്നലത്തെ കണക്കു പ്രകാരം 3% ജി.എസ്.ടി ഉൾപ്പടെ 46 ലക്ഷം രൂപയാണ്. ഗ്രാമിന് 4,475 രൂപയായിരുന്നു ഇന്നലെ വിപണിവില.
തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിൽ നിന്നാണ് ബാങ്ക് റേറ്റ് പ്രകാരംസ്വർണ വ്യാപാരികൾക്ക് സ്വർണക്കട്ടികൾ ലഭിക്കുക. ജി.എസ്.ടി ഉൾപ്പെട്ട വിലയാണ് ബാങ്ക് റേറ്റ്.
സ്വർണക്കട്ടി ആഭരണങ്ങൾ ആക്കി മാറ്റിയ ശേഷമാണ് അടിസ്ഥാന വില, പണിക്കൂലി, 3% ജി.എസ്.ടി, 0.25% പ്രളയ സെസ് എന്നിവർ ചേർത്ത് വിൽക്കുന്നത്.
അതേസമയം ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യുകയാണെങ്കിൽ 12.5% ഇറക്കുമതി ചുങ്കവും ജി.എസ്.ടിയും ചേർത്ത് 15.5% നികുതി നൽകണം. പത്ത് ശതമാനത്തോളം വിലക്കുറവിൽ ഗൾഫിൽ ലഭിക്കുന്ന സ്വർണം കടത്തിക്കൊണ്ടുവന്നാൽ കിട്ടുന്ന ലാഭമാണ് കള്ളക്കടത്തിന്റെ ആകർഷണം.
ഡിപ്ലോമാറ്റിക് ബാഗേജിൽ വന്ന 30 കിലോഗ്രാം കള്ളക്കടത്ത് സ്വർണമാണ് ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചത്. ഇതിന്റെ മൊത്തവില ഏകദേശം 15 കോടി. ഇത്രയും സ്വർണത്തിന് അടയ്ക്കേണ്ട നികുതി 2.10 കോടി രൂപ. സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട ഇത്രയും തുക വെട്ടിച്ചായിരുന്നു ഈ സ്വർണക്കടത്ത്.
കേരളവും പൊന്നിൻ വിപണിയും
സാധാരണ ദിനങ്ങളിൽ ശരാശരി 200 കിലോ സ്വർണമാണ് കേരളത്തിൽ വിറ്റഴിയുന്നത്. അക്ഷയതൃതീയ ദിനത്തിൽ വില്പന 1500 കിലോ വരെ എത്താറുണ്ട്.
35000 കോടി
പ്രതിവർഷം ശരാശരി 35,000 കോടി രൂപയുടെ സ്വർണം കേരളത്തിൽ വിറ്റഴിയുന്നുണ്ടെന്നാണ് കണക്ക്.
700 കോടി
സംസ്ഥാന സർക്കാരിന് സ്വർണമേഖലയിൽ നിന്ന് ലഭിക്കുന്ന നികുതി 700 കോടിയോളം രൂപയാണ്.
സമാന്തര വിപണി
സമാന്തര വിപണി, അതായത് അനധികൃതമായി കേരളത്തിൽ 1.5 ലക്ഷം കോടി രൂപയുടെ സ്വർണവ്യാപാരം നടക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. ഇത് രണ്ട് ലക്ഷം കോടി രൂപയും ആകാം.
കള്ളക്കടത്ത് സ്വർണത്തിന്റെ ഇറക്കുമതി ഹബ് എന്നാണ് കേരളം അറിയപ്പെടുന്നത്.
തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കള്ളക്കടത്ത് സ്വർണം ഒഴുകുന്നത് കേരളത്തിൽ വഴിയാണ്.
3000 കോടി
സമാന്തര സ്വർണക്കച്ചവടം മൂലം സർക്കാർ ഖജനാവിലേക്ക് എത്താതെ പോകുന്നത് ഏകദേശം 3000 കോടി രൂപയുടെ നികുതിയാണ്.
നിയമപ്രകാരം കച്ചവടം നടത്തുന്നവരുടെ വിപണിയും ഇവർ ഇല്ലാതാക്കുന്നു.
ആകാശവും കടലും
വിമാനമാർഗമുള്ള സ്വർണക്കടത്താണ് സാധാരണ പിടിക്കപ്പെടുന്നത്. കടൽമാർഗമുള്ള കടത്ത് നിയമവലയിൽ കുടുങ്ങാതെ പോകുകയാണ് പതിവ്.
പിടിക്കപ്പെടുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ തൂക്കം മൂന്ന് കിലോയിൽ അധികമാണെങ്കിലാണ് സാധാരണ കേസ് രജിസ്റ്റർ ചെയ്യുക
കള്ളക്കടത്ത് പിടിക്കപ്പെടുമ്പോൾ 12.5% ഇറക്കുമതി ചുങ്കവും 0.3% സർചാർജും അടച്ചാൽ കേസിൽ നിന്ന് ഈസിയായി ഉൗരിപ്പോരാമെന്നതാണ് സ്ഥിതി. സ്വർണം തിരികെ കിട്ടുകയും ചെയ്യും. സാമ്പത്തിക തിരിമറി എന്ന കേസ് നേരിട്ടാൽ മതി.
മൂന്നുകോടി രൂപയ്ക്ക് താഴെയാണ് മൂല്യമെങ്കിൽ 12.8% നികുതി അടച്ചാൽ മതി. കേസ് ഉണ്ടാകില്ല.
പലരിൽ ഒരാൾ
സ്വർണം കടത്തുന്നവരെ കാരിയർ എന്നാണ് വിളിക്കുന്നത്. ഒരു വിമാനത്തിൽ ഒരേ സമയം 15 കാരിയർമാരെങ്കിലും ഉണ്ടാകും. പിടിക്കപ്പെടുന്നത് അപൂർവം. പിടിയിലാകുന്നത് ഒന്നോ രണ്ടോ പേർ മാത്രവും.
വടക്കൻ കേരളത്തിലാണ് സ്വർണക്കടത്തുകാരുടെ സങ്കേതങ്ങൾ. ഇവരുടെ കാരിയർമാരായി ആയിരക്കണക്കിന് പേർ പ്രവർത്തിക്കുന്നു. വിമാനത്താവളങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവരാൻ കസ്റ്റംസിലും പൊലീസിലും വിമാന ജോലിക്കാരിലും ഇവർക്ക് സഹായികളുണ്ട്. പിടിക്കപ്പെടാതിരിക്കാൻ സ്വർണം കുഴമ്പായും വിവിധ ഉപകരണങ്ങളും ഘടകങ്ങളായും മറ്റും രൂപം മാറ്റിയും ബിസ്കറ്റുകൾ വിഴുങ്ങിയും മലദ്വാരത്തിൽ ഒളിപ്പിച്ചുമെല്ലാം കടത്തലുകൾ പലവിധമാണ്.