പെരുമ്പാവൂർ: കൊവിഡും ലോക്ഡൗണും അരങ്ങുവാണപ്പോൾ നിലയില്ലാക്കയത്തിൽ കാലിട്ടിടിച്ച സിനിമാരംഗത്ത് നൂതന പരീക്ഷണവുമായി സംവിധായകൻ സോമൻ കള്ളിക്കാട്.
അക്ഷരാർത്ഥത്തിൽ സാമൂഹിക അകലം പാലിച്ച് മുപ്പതു മിനിട്ട് ദൈർഘ്യമുള്ള ചലച്ചിത്രം തയ്യാറാക്കിയാണ് ഇദ്ദേഹം കഴിവ് തെളിയിച്ചത്. കൊവിഡ് തന്നെയാണ് ചിത്രത്തിലെ വിഷയം. വൈറസ് പടരുന്നതിലൂടെയുണ്ടാകുന്ന ഭീതിദമായ സാഹചര്യത്തെ അതിജീവനത്തിന്റെ പാതയിൽ നേരിടുന്ന കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് ഡർട്ട് ഡെവിൾ എന്നാണ്. സംവിധായകൻ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും.
മഞ്ചേരി, കണ്ണൂർ, വയനാട്, എറണാകുളം, പെരുമ്പാവൂർ, ഗൂഡല്ലൂർ, തിരുവനന്തപുരം, അങ്കമാലി എന്നിവിടങ്ങളിലാണ് ലൊക്കേഷൻ. തിരക്കഥയിലെ ഓരോ കഥാപാത്രങ്ങളും ചെയ്യേണ്ട ഭാഗം അഭിനേതാക്കൾക്ക് വാട്സ്ആപ്പിലൂടെ കൈമാറി.
അഭിനേതാക്കൾ തന്നെ തങ്ങളുടെ ഐ ഫോൺ, ഫോർ കെ. ക്യാമറ എന്നിവ ഉപയോഗിച്ച് ചിത്രീകരിക്കുന്ന വീഡിയോകൾ എഡിറ്റ് ചെയ്താണ് സിനിമ തയ്യാറാക്കിയത്. വീഡിയോ കോളിംഗിലൂടെ സംവിധായകൻ നൽകുന്ന നിർദ്ദേശങ്ങളനുസരിച്ചാണ് ഷൂട്ടിംഗ്. കിരൺരാജ്, സുൽഫി ഗൂഡല്ലൂർ, ഇസ്മയിൽ മാഞ്ഞാലി, ഷനൂപ് വയനാട്, ഗദ്ദാഫി കോർമ്മത്ത്, ഷഹീന, നിദാൻ, വർഗീസ് മൂലൻസ്, ഏലിയാസ് ഇസാക്ക്, വിപിൻ ഒമേഗ, ജലജ റാണി, ഷിവ വർണ എന്നിവരാണ് അഭിനേതാക്കൾ. എഡിറ്റിംഗ് ഷലീഷ് ലാൽ. ഗാനരചയിതാവ് പാപ്പച്ചൻ കടമക്കുടിയുടേതടക്കം രണ്ടു ഗാനങ്ങളുണ്ട്. മനുശങ്കർ, സിവിൽനാഥ് എന്നിവർ പിന്നണി പാടിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഹരീന്ദ്രനാഥ്. യാരാസ് ഫാമിലി എന്റർടൈൻമെന്റിന്റെ ബാനറിൽ പ്രഭാകരൻ മഞ്ചേരി നിർമ്മിക്കുന്ന ചിത്രം ഈ മാസം അവസാനം റിലീസ് ചെയ്യും.