കൊച്ചി: 10ന് നടക്കുന്ന വാഹനപണിമുടക്കിൽ ലോറി, ടിപ്പർ, ടാങ്കർലോറി, എൽപിജി ട്രക്കുകൾ, ടെമ്പോ, മിനിലോറി, റെഡിമിക്‌സ് ട്രക്കുകൾ തുടങ്ങി മുഴുവൻ ചരക്കുവാഹന തൊഴിലാളികളും പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. രാജൻ, ജനറൽ സെക്രട്ടറി എം. ഇബ്രാഹിംകുട്ടി എന്നിവർ അറിയിച്ചു.

കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തിലാണ് തീരുമാനം. ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുക, കൊവിഡ് ദുരിതബാധിതർക്ക് കേന്ദ്രസർക്കാർ സഹായം നൽകുക, തൊഴിലാളിവിരുദ്ധ തൊഴിൽനിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖലാ വില്പന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇതിന് മുന്നോടിയായി 8 ന് രാജ്ഭവനുമുമ്പിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിലും പ്രതിഷേധ ധർണ സംഘടിപ്പിക്കും.