പള്ളുരുത്തി: ചെല്ലാനത്ത് കടലിന്റെ താണ്ഡവം തുടരുന്നു. അധികാരികളുടെ അനങ്ങാപാറ നയത്തിൽ പ്രതിഷേധിച്ച് ജനം ഇന്നലെ തെരുവിലിറങ്ങി. സൗദി മാനാശേരി ഭാഗത്തുള്ള നാട്ടുകാരാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്. വാഹനങ്ങളും തടഞ്ഞു. സൗദി ഗ്യാപ്പിലൂടെ റോഡിലേക്ക് അടിച്ചു കയറുന്ന കടൽവെള്ളം സമീപവാസികളുടെ വീടുകളിലേക്കും റോഡിലേക്കും എത്തി. തുടർന്നാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം റോഡിൽ കുത്തിയിരുന്നു സമരം നടത്തിയത്.തോപ്പുംപടി പൊലീസ് സ്ഥലത്ത് എത്തി ഇവരെ നീക്കി. ഗതാഗതം തടഞ്ഞവർക്കെതിരെ കേസ് എടുത്തു.കൊച്ചി തഹസിൽദാറും സ്ഥലത്തെത്തി സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്. ഉച്ചക്ക് തുടങ്ങിയ സമരം മണിക്കൂറുകളോളം നീണ്ടു. വർഷങ്ങളായി തെക്കെ ചെല്ലാനം മുതൽ വടക്കെ ചെല്ലാനംവരെ ഉയരത്തിലുള്ള കടൽഭിത്തിക്കായുള്ള ആവശ്യം ശക്തമാണ്. ജിയോ ട്യൂബ്,ബാഗ് എന്നിവ നിർമ്മിക്കുന്നതിന് ലക്ഷങ്ങൾ മുടക്കിയതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ മറുവക്കാട്, കണ്ണമാലി, ബസാർ, ചെറിയ കടവ്, സൗദി മാനാശേരി തുടങ്ങിയ സ്ഥലങ്ങളിലും രൂക്ഷമായ കടൽകയറ്റമായിരുന്നു. സ്ഥിതി ഇത്ര രൂക്ഷമായിട്ടും അധികൃതർ ആരും തന്നെ കടപ്പുറം സന്ദർശിക്കാാനോ പ്രശ്നം പഠിക്കാനോ തയ്യാറായിട്ടില്ല. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചെല്ലാനത്തെ രണ്ട് വാർഡുകളും ഫിഷിംഗ് ഹാർബറും അടച്ചുചു പൂട്ടിയിരിക്കുകയാണ്.