കണ്ണിൽ ശാന്തത, മുഖത്ത് പ്രസന്നത, ചുണ്ടിൽ മധുരസ്മിതം... സുജാതയെ മാത്രമല്ല, ഒരിക്കൽ കണ്ടാൽ സൂഫിയെയും ആരും മറക്കില്ല. ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന് ചരിത്രം കുറിച്ച 'സൂഫിയും സുജാതയും" എന്ന സിനിമയിലെ സൂഫി, ദേവ് മോഹന് പക്ഷേ പറയാനുള്ളത് നഷ്ടപ്രണയത്തിന്റേതല്ല, ഒരു കാത്തിരിപ്പിന്റെ കഥയാണ്. കൈ തൊടും ദൂരത്തിൽ സിനിമ എത്തിയിട്ടും രണ്ടുവർഷം അതിനായി ആരോടും പറയാതെ കാത്തിരുന്ന കഥ കൂടിയാണത്
മോഹം പൂവണിഞ്ഞു
തൃശൂരാണ് എന്റെ നാട്, കഴിഞ്ഞ കുറച്ചുവർഷമായി ഇരിങ്ങാലക്കുടയിലാണ് താമസം. ചെറുപ്പം മുതലേ സിനിമ മനസിലുണ്ട്. എല്ലാ ആഴ്ച അവസാനവും പുതിയ സിനിമ കാണുന്ന തരത്തിൽ ആ ഇഷ്ടം വളർന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു സിനിമ ചെയ്തു നോക്കണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്. പക്ഷേ, ധൈര്യമുണ്ടായിരുന്നില്ല. മെക്കാനിക്കൽ എൻജിനീയറിംഗ് കഴിഞ്ഞയുടൻ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലികിട്ടി ബാംഗ്ലൂരിലെത്തി. ജോലിയ്ക്കിടയിലും അഭിനയത്തെ മറന്നില്ല. അഭിനയത്തെക്കുറിച്ച് പഠിക്കാൻ പോയാലോ എന്നും ചിന്തിച്ചു. പക്ഷേ, മൂന്നു ദിവസത്തെ ആക്ടിംഗ് വർക്ക്ഷോപ്പ് അല്ലാതെ ജോലിത്തിരക്കിൽ കോഴ്സിന് ഒന്നും ചേരാൻ പറ്റിയില്ല. 2018 ന്റെ തുടക്കത്തിൽ ഒരു ഓഡിഷൻ കാളിന്റെ പരസ്യം ഒരു സുഹൃത്ത് അയച്ചു തന്നു. ഒരു നിമിത്തം പോലെ അതേ പരസ്യം തന്നെ എട്ടുപത്തു പേർ വീണ്ടും അയച്ചു തന്നു. ഒന്നു ശ്രമിച്ചു നോക്കാമെന്ന് തീരുമാനിച്ചു. ഓഡിഷൻ എന്താണെന്ന് മനസിലാക്കാമല്ലോ. അന്നുരാത്രി തന്നെ ഒരു പ്രൊഫൈലുണ്ടാക്കി ഫ്രൈഡേ ഫിലിംഹൗസിലേക്ക് അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മെസേജ് വന്നു. ഷോർട്ട് ലിസ്റ്റ് ചെയ്തു, കൊച്ചിയിലേക്ക് വരൂ എന്ന്. രണ്ടാഴ്ചയ്ക്കുള്ളിൽ കാമറാ ടെസ്റ്റും നടന്നു.
കാത്തിരുന്ന് കാത്തിരുന്ന്...
മൂന്നാമത്തെ കൂടിക്കാഴ്ചയിലാണ് സംവിധായകൻ ഷാനവാസിക്ക സൂഫി എന്ന കഥാപാത്രത്തിന് രൂപം കൊണ്ട് ഞാൻ യോജിച്ചതാണെന്ന് എന്നോട് പറഞ്ഞത്. അങ്ങനെ സിനിമയുടെ കഥ ഞാൻ കേട്ടു. സൂഫിയാവുക അത്ര പെട്ടെന്ന് നടക്കില്ലെന്ന് മനസിലായി. ആ കഥാപാത്രം 20 വർഷമായി സൂഫിസം പിന്തുടരുന്ന ആളാണ്. സൂഫിയുടെ നൃത്ത രൂപത്തിലുള്ള മെഡിറ്റേഷൻ, അറബിക്ക്... അങ്ങനെ കുറച്ച് കാര്യങ്ങൾ കൃത്യമായി പഠിച്ചാലേ പൂർണതയോടെ സൂഫിയെ അവതരിപ്പിക്കാൻ കഴിയൂ എന്നും ഷാനവാസിക്ക പറഞ്ഞു. അങ്ങനെ അതിനുള്ള ശ്രമം തുടങ്ങി. അജ്മീരിൽ പോയാൽ സൂഫിമാരെ കാണാം എന്ന പ്രതീക്ഷയിൽ അവിടെ വരെ യാത്ര ചെയ്തു. പക്ഷേ, ആരെയും കണ്ടില്ല. ഇസ്താംബുളിൽ ആണ് സൂഫിസം കൂടുതൽ ഉള്ളത് എന്ന് പിന്നെ കേട്ടു. യൂട്യൂബ് നോക്കി മനസ്സിലാക്കാൻ ശ്രമിച്ചു. സിനിമയിലെ സൂഫി നൃത്തം പഠിച്ചത് ചെറിയ പണിയായിരുന്നില്ല. കുറേ ഛർദ്ദിച്ചു, തലവേദനിച്ചു. ആ കറക്കം പഠിക്കാൻ തന്നെ ഒമ്പതുമാസമെടുത്തു. പക്ഷേ, സുജാതയെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തിൽ അപ്പോഴും തീരുമാനമായിരുന്നില്ല. . എന്നോട് മുടിയും താടിയുമൊക്കെ വളർത്താൻ പറഞ്ഞു. അതും ചെയ്തു. പക്ഷേ, പലഘട്ടത്തിലും ഞാൻ തളർന്നു പോയിരുന്നു. ഇത് നടക്കില്ലേ എന്നുവരെ ചിന്തിച്ചു. വിജയ് ബാബു സർ പറഞ്ഞ ഒരു കാര്യം, അതാണ് എത്ര വൈകിയാലും കാത്തിരിക്കാൻ എന്നെ പ്രേരിപ്പിച്ചത്, ക്ഷമയാണ് വിജയത്തിന്റെ താക്കോൽ. അതായിരുന്നു എനിക്കുള്ള പ്രചോദനം.
സിനിമാസംഘം നൽകിയ ധൈര്യം
2019ന്റെ അവസാനമാണ് ഷൂട്ടിംഗ് തുടങ്ങിയത്. ആദ്യദിവസം നിർമ്മാതാവ് വിജയ്ബാബു സർ ചോദിച്ചത്, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ, ആത്മവിശ്വാസമില്ലേ... എന്നായിരുന്നു, ആത്മവിശ്വാസം മാത്രമേ ഉള്ളൂ, അഭിനയിക്കാൻ കഴിയുമോ എന്ന് ഉറപ്പു പറയാൻ കഴിയുന്ന അവസ്ഥയിലല്ല ഞാൻ എന്നായിരുന്നു മറുപടി. അത് മതി, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം എന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ചിത്രീകരിച്ചത് 'വാതുക്കലൊരു വെള്ളരിപ്രാവ്" എന്ന പാട്ടിലെ ഒരു സീനാണ്. കുട്ടികളെ അറബിക്ക് പഠിപ്പിക്കുന്ന രംഗം. മൂന്ന് തവണ ചെയ്തതിന് ശേഷമാണ് ഷാനവാസിക്ക കട്ട് പറഞ്ഞത്. അതുകേട്ടതും എല്ലാവരും കൈയടിച്ചു. കട്ട് പറയാൻ പോലും തോന്നിക്കാതെ മനോഹരമായി ചെയ്തെന്ന് ഷാനവാസിക്ക പറഞ്ഞു. അത് ഒരു തുടക്കക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ ആത്മവിശ്വാസമായിരുന്നു. മൂന്നാംദിവസമാണ് നായിക അദിതിറാവു ലൊക്കേഷനിൽ വരുന്നത്. സീനിയർ ആർട്ടിസ്റ്റ്, മണിരത്നം, സഞ്ജയ് ലീല ബെൻസാലി തുടങ്ങിയ പ്രമുഖ സംവിധായകരുടെ നായിക... ചെറിയൊരു അങ്കലാപ്പ് ഉള്ളിലുണ്ടായിരുന്നു. അപ്പോൾ സംവിധായകൻ ഷാനവാസിക്കയും ഡി.ഒ.പി ചെയ്ത അനുച്ചേട്ടനും പറഞ്ഞു, നിങ്ങൾക്ക് അവരോട് ബഹുമാനം ആയിരിക്കാം. പക്ഷേ, കഥാപാത്രത്തിന് സുജാതയോട് പ്രണയമാണ്. അതാണ് ആളുകൾക്ക് തോന്നേണ്ടത് എന്ന്. ഒന്നിച്ചുള്ള സീനുകൾ ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത് എന്ന് അദിതിയോട് പറഞ്ഞു. എത്ര ടേക്ക് എടുത്താലും പേടിക്കണ്ട, സമയമെടുത്ത് ചെയ്തോളൂ എന്ന് അവർ പിന്തുണച്ചു.
ആരുമറിയാതെ അഭിനയം
ഓഡിഷൻ കഴിഞ്ഞപ്പോൾ തന്നെ സിനിമയിൽ ഭാഗ്യം വലിയൊരു ഘടകമാണെന്ന് തോന്നിയിരുന്നു. അച്ഛൻ കൃഷ്ണകുമാർ, അമ്മ വത്സല, അനിയത്തി മാലിനി എന്നിവർക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ അഭിനയത്തെക്കുറിച്ച് അറിയാമായിരുന്നുള്ളൂ. സിനിമ ചെയ്യുകയാണെന്നറിഞ്ഞാൽ ആളുകളുടെ ചോദ്യം വരും എന്തായി എന്ന്. അത് ടെൻഷൻ ആകുമല്ലോ എന്നോർത്ത് കുറച്ചുകഴിഞ്ഞ് പറയാമെന്നായിരുന്നു കരുതിയത്. എന്റെ കണക്കുകൂട്ടൽ തെറ്റിച്ച് സിനിമ നീണ്ടുപോയി. പിന്നെ, പറയാതിരിക്കുക എന്നത് എനിക്ക് ശീലമായി. കമ്പനിയിൽ താടിയും മുടിയും നീട്ടി വളർത്തിയ എന്നെ കണ്ട് എല്ലാവരും അത്ഭുതത്തോടെ നോക്കാൻ തുടങ്ങി. അപ്പോൾ ബോസിനോട് കാര്യം പറഞ്ഞു. അദ്ദേഹം പിന്തുണച്ചു. ട്രെയിലർ ഇറങ്ങിയപ്പോഴാണ് ഓഫീസിലെ എല്ലാവർക്കും മനസ്സിലായത്. സംശയിച്ചാണ് പലരും ഇത് താനല്ലേ എന്ന് ചോദിച്ചത്. സന്തോഷവും പരിഭവവും സങ്കടവും കലർന്ന അഭിപ്രായങ്ങളാണ് അവരിൽ നിന്നും കിട്ടിയത്.
നഷ്ടദുഃഖവും സന്തോഷവും
തികച്ചും തീയേറ്റർ അനുഭവത്തിനായി ഒരുക്കിയ സിനിമയായിരുന്നു ഇത്. ഷൂട്ടിംഗിനിടെ ഞാൻ ചോദിക്കുമായിരുന്നു ശരീരത്തിന്റെ എത്രഭാഗം വരെ കാണിക്കും എന്നൊക്കെ. മുഖം മാത്രമാണെന്ന് കേൾക്കുമ്പോൾ ഏറെ സന്തോഷിച്ചിരുന്നു. വലിയ തീയേറ്റർ സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന എന്റെ മുഖം ഞാൻ സ്വപ്നം കണ്ടിരുന്നു. സിനിമ ഒ.ടി.ടിയിലാണ് റിലീസ് ചെയ്യുന്നത് എന്ന് കേട്ടപ്പോൾ ആദ്യം ഒരു ഞെട്ടലായിരുന്നു. ചെറിയ മൊബൈൽ സ്ക്രീനിൽ, ടി.വിയിലൊക്കെ ആകുമല്ലോ വരുന്നത് എന്ന് സങ്കടം തോന്നി. പക്ഷേ, ഈ കൊവിഡ് കാലത്ത് സിനിമ ഇപ്പോൾ റിലീസ് ചെയ്തില്ലെങ്കിൽ ഇനിയും ഏറ്റവും കുറഞ്ഞത് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നേനെ. ഇപ്പോൾ ഒരുപാട് ആളുകൾ സിനിമ കണ്ട് വിളിക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്. യൂട്യൂബിൽ ട്രെയിലറിനൊക്കെ വലിയ റീച്ച് കിട്ടി. എങ്കിലും പോസ്റ്ററിൽ മുഖം വരുന്നത്, ആദ്യസിനിമ ഇറങ്ങുന്നതിന്റെ തീയേറ്റർ എക്സ്പീരിയൻസ്, ആൾക്കൂട്ടം ഒക്കെ മിസ് ചെയ്യുന്നുണ്ട്.
സൂഫിയല്ല, ദേവ്
എന്നോടാണോ ആ കഥാപാത്രത്തോടാണോ ആളുകൾക്ക് ഇഷ്ടം എന്നെനിക്ക് മനസിലാകുന്നില്ല. അത്രയ്ക്ക് മനോഹരമായാണ് സൂഫിയെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ആ കഥാപാത്രം എങ്ങനെ ശ്വാസമെടുക്കണമെന്ന് പോലും സംവിധായകൻ പറഞ്ഞു തന്നിരുന്നു. ജീവിതത്തിൽ ഞാനൊരിക്കലും സൂഫിയല്ല. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന, ഹൃദ്യമായ പുഞ്ചിരിയുള്ള, ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കുന്ന ആളാണ് സൂഫി. സംസാരമാണ് ഞാനും സൂഫിയും തമ്മിലുള്ള പ്രധാന വ്യത്യാസം. അത്യാവശ്യം നന്നായി സംസാരിക്കുന്ന ഞാൻ സന്തോഷവാനാണെങ്കിലും സൂഫിയുടെ അത്ര ശാന്തനല്ല. ബാംഗ്ളൂരിൽ ജോലി ചെയ്യുകയാണ് ഇപ്പോഴും. മാർച്ചിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനുവേണ്ടി വന്നതുകൊണ്ട് വർക്ക് ഫ്രം ഹോം ആണ്. സിനിമയ്ക്കാണ് ആദ്യ പരിഗണന. കൂടുതൽ അവസരങ്ങൾ വഴിയേ വരുമെന്ന പ്രതീക്ഷയിലാണ്.