കൊച്ചി: മലയാളിയുടെ പ്രിയ കഥാകാരൻ കെ.എൽ. മോഹനവർമ്മ ഇന്ന് ശതാഭിഷിക്തനാകുന്നു. സാമ്പത്തികത്തെ അടിസ്ഥാനമാക്കി ഓഹരി, സ്പോർട്സിനെ അടിസ്ഥാനമാക്കി ക്രിക്കറ്റ്, നിയമത്തെ അടിസ്ഥാനമാക്കി നീതി, സിനിമയെ അടിസ്ഥാനമാക്കി സിനിമ എന്നിങ്ങനെ മലയാളിയുമായി നേരിൽ ബന്ധമുള്ളതിനെയെല്ലാം കേന്ദ്രീകരിച്ച് നോവലുകളടക്കം 70 ഗ്രന്ഥങ്ങൾ നമുക്ക് സമ്മാനിച്ചു അദ്ദേഹം. കൊവിഡ് കാലത്തെ 84-ാം പിറന്നാളിന് അൽപ്പംമാറ്റ് കുറയുമെങ്കിലും പ്രോട്ടോക്കാൾ പാലിച്ചെത്തുന്ന സന്ദർശകരെ വിലക്കില്ലെന്ന് പറയുന്നു ആയിരംപൂർണചന്ദ്രന്മാരെ കണ്ട കഥാകാരൻ.
എഴുത്തുകാരനായ കഥ
1936 ജൂലായ് 8ന് ചേർത്തലയിൽ ജനിച്ച അദ്ദേഹത്തിന് വളർന്നപ്പോൾ സ്പോർട്സിലായിരുന്നു കമ്പം. കഥയെഴുത്തുകാരനാക്കിയത് കൂട്ടുകാരനാണ്. സുഹൃത്തിന്റെ നിർബന്ധപ്രകാരം ആദ്യമെഴുതിയ കഥയാണ് "ദൈവം". അടുത്തദിവസം സ്വന്തം മേൽവിലാസമെഴുതിയ ഒരു കവർ സഹിതം ഒരു മാസികയ്ക്ക് അയച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ തപാലിൽ തിരികെയെത്തി. പക്ഷേ ഉള്ളിൽ കൊളുത്തപ്പെട്ട താത്പര്യം പക്ഷേ, വീണ്ടുമെഴുതാൻ പ്രേരിപ്പിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആദ്യ കഥ ദൈവം മറ്റൊരു മാസികയ്ക്കും രണ്ടാമത്തെ കഥ പാരസമണി ആദ്യമയച്ച മാസികയ്ക്കും അയച്ചുകൊടുത്തു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ രണ്ടും അച്ചടിച്ചുവന്നു. അച്ഛനും സുഹൃത്തുക്കളും നൽകിയ പ്രോത്സാഹനമാണ് എഴുത്തിന്റെ വഴി തുടരാൻ മോഹനവർമ്മയെ പ്രേരിപ്പിച്ചത്.
"വീട്ടിൽ ഞാനും ഭാര്യയും മാത്രമായതിനാൽ മറ്റ് ആഘോഷങ്ങളൊന്നുമില്ല. ചില സാഹിത്യഗ്രൂപ്പുകളിൽ സംസാരിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. അതുമാത്രമാണ് ഇന്നത്തെ പ്രത്യേക പരിപാടി."
കെ.എൽ. മോഹനവർമ്മ