കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ള വൈദികരെ സംരക്ഷിക്കുന്ന കത്തോലിക്കസഭ തെറ്റുതിരുത്തി വിശ്വാസസമൂഹത്തോട് മാപ്പുപറയണമെന്ന് ജസ്റ്റിസ് ഫോർ സി. ലൂസി കളപ്പുരയ്ക്കൽ ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളകത്തോലിക്കസഭ കുറ്റവാളികളെ സംരക്ഷിക്കുകയും കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും ചെയ്യുകയാണ്. സഭ തെറ്റുതിരുത്തി വിശ്വാസികളോട് മാപ്പുപറഞ്ഞില്ലെങ്കിൽ വിശ്വാസ സംരക്ഷണനിയമപ്രകാരം കോടതിയെ സമീപിക്കും. വൈദികർ പ്രതികളായിട്ടുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച വീഡിയോ ഉൾപ്പെടെ തെളിവുസഹിതം നിരവധി പരാതികൾ നൽകിയിട്ടും പൊലീസ് അന്വേഷിക്കുന്നില്ല. പരാതികളിലേറെയും പുരോഹിതരുടെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ടതായതുകൊണ്ട് സഭാനേതൃത്വത്തിന്റെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈദികരുൾപ്പെട്ട കുറ്റകൃത്യങ്ങളുടെയും അസ്വഭാവിക മരണങ്ങളുടേയും നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിലെല്ലാം കുറ്റവാളികളെ രക്ഷിക്കാനും സുപ്രധാനമായ തെളിവ് നശിപ്പിക്കാനും സഭയുടെ ഇടപെടലുണ്ടായിട്ടുണ്ട്.
തിരുവല്ലയിൽ മഠത്തിന്റെ കിണറ്റിനുള്ളിൽ ദിവ്യാ പി. ജോൺ എന്ന കന്യാസ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ട്. ഈ സംഭവത്തിനുശേഷമാണ് ചങ്ങനാശേരി പുന്നത്തുറ സെന്റ്. തോമസ് പള്ളിയുടെ കിണറ്റിൽ ഇടവക വികാരി ഫാ. എടാട്ടുപാറയിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളയാംകുടി, പൊട്ടൻപ്ലാവ്, ആലക്കോട്, കാരക്കാമല തുടങ്ങിയ ഇടവകകളിൽ പുരോഹിതന്മാരുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമക്കേസുകളും സാമ്പത്തികതിരിമറികളും പുറത്തുവന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളെ ഇല്ലാതാക്കാൻ വിശ്വാസമൂഹത്തിനും ചിലതൊക്കെ ചെയ്യാനാകും. സ്വന്തംനിലയിൽ താൽപര്യപ്പെട്ടാൽപോലും 21 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളെ സന്യാസിനികാളാവാൻ പറഞ്ഞുവിടരുത്. 16 വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ തീരുമാനം ഉചിതമാകണമെന്നില്ല കുറച്ചുകൂടി പക്വതയായശേഷം ആലോചിച്ച് എടുക്കേണ്ടതീരുമാനമാണ് സന്യാസം. ഇതിക്കുറിച്ച് വിശ്വാസികളെ ബോധവത്കരിക്കാനും കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് സർക്കാരിൽ സ്വാധീനം ചെലുത്താനും വിവിധ പ്രചരണപരിപാടികൾ സംഘടിപ്പിക്കും.
സി. ലൂസി കളപ്പുരയ്ക്കൽ, ജോസഫ് വെളിവിൽ. അഡ്വ. ബോറിസ് പോൾ, ജോർജ് ജോസഫ്, ജോർജ് മൂലച്ചാലിൽ, ആന്റെ ഇലഞ്ഞി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.