കൊച്ചി: ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യസംസ്കരണം അവതാളത്തിൽ. കഴിഞ്ഞ ഒരു മാസമായി പ്ളാന്റ് ഇരുട്ടിലാണ്. പാനൽബോർഡിലെ തകരാറിനെ തുടർന്നാണ് വൈദ്യുതിവിതരണം നിലച്ചത്. വൈദ്യുതിബന്ധം പുന:സ്ഥാപിക്കേണ്ട ചുമതലയുള്ള കൊച്ചി കോർപ്പറേഷൻ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. പ്ളാന്റ് നടത്തിപ്പുകാർ ഇതുസംബന്ധിച്ച് മേയർക്കും സെക്രട്ടറിക്കും പലവട്ടം കത്തു നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.കൊച്ചി നഗരത്തിലെ മാത്രമല്ല ഏലൂർ, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, ആലുവ മുനിസിപ്പാലിറ്റികളിലെയും മാലിന്യം സംസ്കരിക്കുന്നത് ബ്രഹ്മപുരത്തെ പഴയ പ്ളാന്റിലാണ്. ഈ വകയിൽ കോർപ്പറേഷന് വരുമാനവും ലഭിക്കുന്നുണ്ട്. ദിനംപ്രതി 250 ടണ്ണോളം മാലിന്യം സംസ്കരിക്കുന്ന പ്ളാന്റ് അപകടാവസ്ഥയിലായിട്ട് കാലങ്ങളായി. 60 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പ്ളാന്റിന്റെ പ്രവർത്തനം. സർട്ടിഫിക്കറ്റ് നൽകേണ്ടത് കോർപ്പറേഷനാണ്.

നട്ടംതിരിഞ്ഞ് കരാറുകാരൻ

കഴിഞ്ഞ ജൂൺ ഏഴിനാണ് പ്ളാന്റിലെ വൈദ്യുതി വിതരണം നിലച്ചത്. നേരത്തെ രാവിലെ ആറു മുതൽ രാത്രി പത്തു വരെയായിരുന്നു പ്ളാന്റ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വൈകിട്ട് ആറിന് പ്രവർത്തനം അവസാനിപ്പിക്കും. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി പ്രതിദിനം ശരാശരി 12,000 ലിറ്റർ ഡീസൽ വേണം. 2012ലെ നിരക്കിലാണ് ഇപ്പോഴും മാലിന്യസംസ്കരണം നടക്കുന്നത്. പ്ളാന്റിന്റെ ചുമതലയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2014 മുതൽ താൻ കോർപ്പറേഷന് കത്തു നൽകിയെങ്കിലും നടത്തിപ്പ് ഏറ്റെടുക്കാൻ ആരും തയ്യാറാവാത്തതിനാൽ തുടരുകയാണ്. പരാതിക്ക് മറുപടിയുമില്ല, പരിഹാരവുമില്ല എന്നതാണ് കോർപ്പറേഷന്റെ നയമെന്ന് കരാറുകാരൻ കുറ്റപ്പെടുത്തി.

പുതിയ പ്ലാന്റ് എപ്പോൾ

ആധുനിക പ്ളാന്റിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ പഴയ പ്ളാന്റില്ലാതെ മുന്നോട്ടു നീങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമിക്കുന്നതിനായി യു.കെ ആസ്ഥാനമായ ജി.ജെ ഇക്കോ പവർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ സർക്കാർ അടുത്ത കാലത്ത് റദ്ദാക്കിയത് കോർപ്പറേഷന് തിരിച്ചടിയായി. ആവശ്യമായ സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനാലാണ് കരാർ റദ്ദാക്കിയത്. പുതിയ പ്ളാന്റിന് താത്പര്യപത്രം ക്ഷണിക്കുന്നതിനായി പദ്ധതിയുടെ നോഡൽ ഏജൻസിയായ കെ.എസ്.ഐ.ഡി.സിയെ സർക്കാർ ചുതലപ്പെടുത്തി. എന്നാൽ എല്ലാ കടമ്പകളെല്ലാം കഴിഞ്ഞ് പുതിയ പ്ളാന്റ് ഏതു കാലത്ത് വരുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല