കൊച്ചി : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ 11 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ മുൻ യൂണിയൻ ഭാരവാഹികളായ സുഭാഷ് വാസുവിനും സുരേഷ്ബാബുവിനും ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു. നിലവിലെ സാഹചര്യത്തിൽ അറസ്റ്റ് അനിവാര്യമല്ലെന്നു വ്യക്തമാക്കിയാണ് സിംഗിൾബെഞ്ചിന്റെ വിധി.
ഇരുവരും രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ചോദ്യംചെയ്യലിനുശേഷം അറസ്റ്റുചെയ്താൽ ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്ത് ജാമ്യം അനുവദിക്കണം. ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, കോടതിയുടെയോ അന്വേഷണ ഉദ്യോഗസ്ഥന്റെയോ അനുമതിയില്ലാതെ വീടുനിൽക്കുന്ന പ്രദേശത്തിനു പുറത്തുപോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുനശിപ്പിക്കാനോ പാടില്ല എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാവേലിക്കര യൂണിയനിൽ 2006 മുതൽ ഭാരവാഹികളായിരുന്ന ഇരുവരും മൈക്രോഫിനാൻസ് പദ്ധതിയിലുൾപ്പെടെ ക്രമക്കേടു നടത്തിയെന്നാണ് കേസ്. എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണഘടനയനുസരിച്ചാണ് പ്രവർത്തിച്ചതെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നും പ്രതികളെ അറസ്റ്റുചെയ്തു ചോദ്യംചെയ്യേണ്ടതുണ്ടെന്നും സർക്കാർ വാദിച്ചു. പ്രതികൾക്ക് മുൻകൂർജാമ്യം നൽകുന്നത് തെളിവു നശിപ്പിക്കാനിടയാക്കുമെന്നും സർക്കാർ വിശദീകരിച്ചു.
2016 ൽ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും 2019ലാണ് കേസെടുത്തതെന്ന് രേഖകൾ പറയുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കുമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.