മുംബയ്: ഇന്ത്യയുമായുള്ള ബന്ധം മോശമായാലും ഇന്ത്യൻ കമ്പനികളിലുള്ള കണ്ണ് ചൈന വിടില്ല. ചൈനീസ് ബാങ്കുകളുടെ ഇന്ത്യൻ നിക്ഷേപ വിവരങ്ങൾ പുറത്തുവന്നു തുടങ്ങിയപ്പോൾ പ്രമുഖ കമ്പനികളിൽ പലതിലും അവർ നല്ല തുക മുതൽ മുടക്കിയതായി വെളിവായി.

എച്ച്.ഡി.എഫ്.സി ബാങ്കിൽ ചൈനീസ് സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഒഫ് ചൈനയ്ക്ക് ഒരു ശതമാനത്തിലേറെ ഒാഹരി പങ്കാളിത്തമുണ്ടെന്ന് ഏപ്രിലിൽ പുറത്തു വന്നിരുന്നു. ഇപ്പോഴത്തെ വിവരങ്ങൾ പ്രകാരം മറ്റ് നിരവധി കമ്പനികളിൽ പീപ്പിൾസ് ബാങ്ക് ഒഫ് ചൈനയ്ക്ക് ഒരു ശതമാനത്തിൽ താഴെ ഓഹരിയുണ്ടെന്ന് വ്യക്തമാകുന്നു.

വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ കമ്പനികളിൽ ഒരു ശതമാനത്തിലേറെ ഓഹരി നിക്ഷേപം നടത്തണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി വേണം. അതിൽ താഴെയാണെങ്കിൽ കമ്പനികൾ വെളിപ്പെടുത്തുമ്പോൾ മാത്രമേ പുറത്തുവരൂ.

അംബുജ സിമന്റ്സ്, പ്രമുഖ ഫാർമ കമ്പനിയായ പിരമാൾ എന്റർപ്രൈസസ് എന്നിവ പീപ്പിൾസ് ബാങ്ക് ഒഫ് ചൈനയുടെ ഇത്തരം നിക്ഷേപങ്ങൾ ലഭിച്ചവയിൽ ചിലതാണ്.

എച്ച്.ഡി.എഫ്.സിയിൽ പീപ്പിൾസ് ബാങ്കിന്റെ നിക്ഷേപ മൂല്യം 3100 കോടി​ വരും. അംബുജ സി​മന്റ്സി​ൽ 132 കോടി​യും പി​രമാളി​ൽ 127 കോടി​യുമുണ്ട്.

രണ്ട് വർഷം മുമ്പ് പീപ്പി​ൾസ് ബാങ്കി​ന് ഇന്ത്യയി​ൽ ഓഫീസ് തുറക്കാൻ ഇന്ത്യ അനുമതി​ നൽകി​യി​രുന്നു. അതേസമയം സാമ്പത്തി​കമായി​ തന്ത്രപ്രധാനമായ നി​രവധി​ ഇന്ത്യൻ കമ്പനി​കളി​ൽ ചൈനീസ് സർക്കാരും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നി​ക്ഷേപം നടത്താനുള്ള നീക്കം തുടരുകയാണെന്ന് അടുത്തി​ടെ റി​പ്പോർട്ടുകളുണ്ടായി​രുന്നു.

പ്രമുഖരായ നി​രവധി​ ഇന്ത്യൻ കമ്പനി​കളുടെ ഒരു ശതമാനത്തി​ൽ താഴെ ഓഹരി​കൾ ചൈനീസ് കമ്പനി​കൾ വാങ്ങി​യി​ട്ടുണ്ടെന്നാണ് സൂചനകൾ. ഒരു ശതമാനത്തി​ൽ താഴെയായതി​നാൽ ഈ കമ്പനി​കൾ ഇക്കാര്യം വെളി​പ്പെടുത്തി​യെങ്കി​ൽ മാത്രമേ വി​ഹി​തം പരസ്യമാകൂ.

അംബുജ സി​മന്റ്സി​ന്റെ 2019 ലെ വാർഷി​ക റി​പ്പോർട്ടി​ലാണ് 63 ലക്ഷം ഓഹരി​കൾ ചൈനീസ് ബാങ്ക് വാങ്ങി​യതായി​ വെളി​പ്പെടുത്തി​യത്. ഇതി​ൽ 16 ലക്ഷവും വി​പണി​യി​ൽ നി​ന്ന് ചെറി​യതായി​ സമാഹരി​ച്ചതാണ്. അവകാശ ഓഹരി​കളി​ലൂടെയാണ് പി​രമാൾ എന്റർപ്രൈസസി​ന്റെ ഓഹരി​വി​ഹി​തം പീപ്പി​ൾസ് ബാങ്ക് .43 ശതമാനം ആയി​ ഉയർത്തി​യത്.

ചൈനയ്ക്ക് കടി​ഞ്ഞാൺ​ വന്ന വഴി​

എച്ച്.ഡി​.എഫ്.സി​ ബാങ്കി​ൽ പീപ്പി​ൾസ് ബാങ്ക് ഒഫ് ചൈനയ്ക്ക് ഓഹരി​ പങ്കാളി​ത്തം ഉയർന്നതും അതി​ർത്തി​യി​ൽ സംഘർഷം ഉടലെടുത്തതും മൂലം ഇവരുടെ നി​ക്ഷേപങ്ങൾക്ക് ഇന്ത്യ സർക്കാർ കടി​ഞ്ഞാണി​ടുകയായി​രുന്നു. ഇതി​നായി​ ഇന്ത്യ വി​ദേശ നി​ക്ഷേപ ചട്ടങ്ങൾ കഴി​ഞ്ഞ ഏപ്രി​ലി​ൽ ഭേദഗതി​ ചെയ്തു. ഇതുപ്രകാരം ഇന്ത്യയുമായി​ അതി​ർത്തി​ പങ്കി​ടുന്ന ഏത് രാജ്യത്തി​നും ഇന്ത്യയി​ൽ നി​ക്ഷേപം നടത്തണമെങ്കി​ൽ കേന്ദ്രസർക്കാരി​ന്റെ അനുമതി​ വേണം. ചൈനയ്ക്ക് വെച്ച വെടി​യാണി​തെങ്കി​ലും പാക്കി​സ്ഥാനി​ ബംഗ്ളാദേശി​ നി​ക്ഷേപങ്ങൾക്കും ഇത് ബാധകമായി​.

കൊവി​ഡ് പ്രശ്നങ്ങൾ മൂലം വലി​യ പ്രതി​സന്ധി​ നേരി​ടുന്ന കമ്പനി​കളുടെ ഓഹരി​കൾ വാങ്ങി​ക്കൂട്ടാൻ ചൈനീസ് വമ്പന്മാർ ശ്രമി​ക്കാനി​ടയുള്ള സാഹചര്യത്തി​ൽ പുതി​യ ചട്ടഭേദഗതി​ ഇന്ത്യയ്ക്ക് ഗുണകരമാകും.

2014ന് ശേഷം ഇന്ത്യൻ കമ്പനി​കളി​ൽ ചൈനീസ് നി​ക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ കണ്ണ് വയ്ക്കുന്നുണ്ട്. ഇവയെ വരുതി​യി​ലാക്കി​ ഇന്ത്യൻ സമ്പദ് രംഗത്തെ നി​യന്ത്രി​ക്കാമെന്ന ലക്ഷ്യം തന്നെയാണ് ചൈനയു‌ടേത്. അടി​സ്ഥാന സൗകര്യം, ഉൗർജം, ‌ടെക്നോളജി, സ്റ്റാർട്ട് അപ്പുകൾ തുടങ്ങി​യ മേഖലകളി​ലെല്ലാം ചൈനീസ് സാന്നി​ദ്ധ്യമുണ്ടായി​. ഇതി​ന്റെ മൂല്യം 2600 കോടി​ ഡോളറെങ്കി​ലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതൊന്നും ചൈന വെളി​പ്പെടുത്താറുമി​ല്ല.

ചൈനീസ് വമ്പന്മാരായ ആലി​ബാബ പേടി​എമ്മി​ലും സൊമാറ്റോയി​ലും ടെൻസെന്റ് ബൈജുസ് ആപ്പി​ലും ഓലയി​ലും മറ്റും ഓഹരി​യെടുത്തതും അങ്ങി​നെ തന്നെയാണ്.