kana
അശാസ്ത്രീയമായി നിർമ്മിക്കുന്ന കാന

കിഴക്കമ്പലം: പട്ടിമ​റ്റം ചെങ്ങരയിൽ പെരിയാർവാലി അശാസ്ത്രീയമായി കാന നിർമ്മാക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ പ്രളയ കാലത്ത് ചെങ്ങരയിൽ കനാൽ ബണ്ട് ഇടിഞ്ഞ് വീടുകൾക്ക് നാശം നഷ്ടം സംഭവിച്ച ഭാഗത്ത് നിർമ്മിക്കുന്ന കരിങ്കൽ കെട്ടിന് സമീപമാണ് കാന നിർമ്മിക്കുന്നത്. കുന്നത്തുനാട് പഞ്ചായത്തിലെ 7,8 വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ച് പെരിയാർവാലിയുടെ ഫണ്ട് ഉപയോഗിച്ചാണ് കാന നിർമിക്കുന്നത്. കാനകൾ പുനർനിർമിക്കാതെ കുറച്ചുഭാഗത്തു മാത്രം കാനയുടെ നിർമാണം നടത്തിയെന്നാണ് പരാതി. ഇങ്ങനെ നിർമാണം പൂർത്തീകരിച്ചാൽ സമീപത്തെ വീടുകളിലേക്ക് മഴക്കാലത്ത് വെള്ളം കയറുന്ന സാഹചര്യമുണ്ടാകും. എട്ടാം വാർഡിലെ നാട്ടുകാരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞത്. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, പഞ്ചായത്ത് അംഗം ശ്യാമള സുരേഷ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

#കാന നിർമ്മിച്ചാൽ വെള്ളക്കെട്ട് രൂക്ഷമാകും

കാന നിർമ്മിച്ച് ഒഴുകി വരുന്ന വെള്ളം ചെങ്ങര പാടത്ത് വെള്ളക്കെട്ടുണ്ടാക്കും. കഴിഞ്ഞ പ്രളയത്തിൽ ഈ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. കാന നിർമ്മിക്കുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകും.