varghese
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗ്ഗീസ് നിർമ്മാണത്തിലെഅപാകതകൾ ഉദ്യോഗസ്ഥരെ കാണിക്കുന്നു.

അങ്കമാലി: അങ്കമാലി-മഞ്ഞപ്ര റോഡ് നിർമ്മാണത്തിൽ വ്യാപകമായ ക്രമക്കേട് വന്നതായി ആരോപണം. റോഡ് നിർമ്മാണം ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്നു അവസാന ഘട്ട ടാറിംഗ് പൂർത്തിയാക്കിയിട്ടില്ല. റോഡ് കടന്നുപോകുന്ന ചില ഭാഗങ്ങളിലെ കലുങ്കുകൾ വീതികൂട്ടി പുനർനിർമിക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. കൃത്യമായ രൂപരേഖ ഇല്ലാതെയാണ് നിർമ്മാണം. കരാറുകാരന്റെ പിറകെ പോകുന്ന നിലപാടാണ് ഉദ്യോഗസ്ഥർക്ക്. റോഡ് നിർമ്മാണം പുനരാരംഭിക്കാൻ വേണ്ട ഇടപെടലുകളും സഹായങ്ങളും ചെയ്തിട്ടും തുറവൂർ പഞ്ചായത്ത് ജനപ്രധിനിധികളോടു കൂടിയാലോചിക്കാതെ കാന പണിയാനുള്ള പദ്ധതി അട്ടിമറിച്ച് ഫണ്ട് വഴിമാറ്റി ചെലവഴിച്ചതായും പ്രസിഡന്റ് ആരോപിച്ചു.

#വീടുകളിൽ വെള്ളം കയറുന്നു

കാനയില്ലാത്തതുകാരണം അങ്കമാലി ടിബി ജംക്ഷൻ മുതൽ തലക്കോട്ടുപറമ്പ് വരെയുള്ള ജലനിർഗമന സംവിധാനം താറുമാറായി.ശക്തമായി മഴ പെയ്താൽ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്.റോഡ് പ്രധാനമായും കടന്നുപോകുന്നത് തുറവൂർ പഞ്ചായത്തിൽ കൂടിയാണ്. ഉചിതമായ ഡ്രെയിനേജ് സംവിധാനം വേണമെന്ന പഞ്ചായത്തിന്റെയും നാട്ടുകാരുടെ ആവശ്യം അട്ടിമറിക്കപ്പെട്ടു. ഇരുവശവും കാന നിർമ്മിക്കാത്തത് ഒട്ടേറെ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.

#എൽ.ഡി.എഫ് സമരത്തിലേക്ക്

റോഡ് ഉയർന്നതിനാൽ റോഡിന്റെ വശങ്ങളിലുള്ള പല വീടുകളിലേക്കും സുഗമമായി വാഹനങ്ങൾ കയറ്റാനാകാത്ത സ്ഥിതിയാണ്. നിലവിലുണ്ടായിരുന്ന ജലനിർഗമനകാനകൾ അടച്ചാണു പല വീടുകളിലേക്കും വഴി ഒരുക്കിയത്. റോഡിനിരുവശത്തായുള്ള പ്രദേശിക റോഡുകളിൽ മൂന്നടിയിലേറെ വെള്ളംകെട്ടി നിൽക്കുന്നു. എൽ.ഡി.എഫ് നേതാക്കളുടെ പ്രധിനിധി സംഘം ദേശീയപാത സുപ്രണ്ടിംഗ് എൻജിനീയറോട് റോഡിന്റെ നിർമ്മാണ അപാകത്തെ സംബന്ധിച്ചു പരാതിപ്പെട്ടിട്ടുണ്ട്. റോഡിന്റെ നിർമാണ അപാകം പരിഹരിച്ചില്ലെങ്കിൽ സമരം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.