കൊച്ചി : കൊല്ലം എസ്.എൻ കോളേജിന്റെ സുവർണജൂബിലി ഫണ്ടിൽ ക്രമക്കേടുണ്ടെന്ന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള ഹർജിയിൽ കക്ഷിചേരാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകിയ ഉപഹർജി പ്രധാന ഹർജിക്കൊപ്പം ഇന്നു പരിഗണിക്കാൻ മാറ്റി. കേസിൽ തന്റെഭാഗം വീണ്ടും കേൾക്കാൻ അന്വേഷണസംഘത്തോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപഹർജി. ജൂൺ 30ന് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്റെ മൊഴിയെടുത്തപ്പോൾ 20 ലക്ഷം രൂപ അക്കൗണ്ടിൽ ഇല്ലെന്ന പുതിയ ആരോപണം അന്വേഷണ ഉദ്യോഗസ്ഥൻ ഉന്നയിച്ചിരുന്നു. പിന്നീടു നടത്തിയ പരിശോധനയിൽ തുക സ്ഥിരനിക്ഷേപമായി ഇട്ടിരുന്നെന്നും ഇതു എസ്.എൻ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് പിന്നീടു മാറ്റിയെന്നും കണ്ടെത്തി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചെങ്കിലും വിശദീകരണം സ്വീകരിക്കാൻ തയ്യാറായില്ലെന്നും വസ്തുതകൾ പരിശോധിക്കാതെ അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നതു തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.