വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലത്തിൽ പഠന സൗകര്യമില്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഒരുക്കുമെന്ന് എസ്.ശർമ്മ എം.എൽ.എ അറിയിച്ചു. വൈപ്പിൻ ബി.ആർ.സി വിവിധ പഠനകേന്ദ്രങ്ങൾക്കായി ടിവി നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. വെളിച്ചം പദ്ധതിയുടെ ഭാഗമായി 219 കുട്ടികൾക്കാണ് പഠന സൗകര്യം ഉറപ്പാക്കുന്നത്. ഇതിനായി എം.എൽ.എ നിയോജകമണ്ഡല ആസ്‌തി വികസന പദ്ധതിയിൽ നിന്നും തുക അനുവദിക്കും . ഇതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർക്കും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വൈപ്പിൻ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജോഷി അദ്ധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.യു ജീവൻ മിത്ര , ഇ.പി ഷിബു , കെ.കെ ഉണ്ണികൃഷ്ണൻ, രജിത സജീവ്, ജില്ലാ പ്രൊജക്റ്റ് ഓഫിസർ പി കെ മഞ്ജു എന്നിവർ സംസാരിച്ചു .