കോതമംഗലം: ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബാരേജിന് സമാന്തരമായി നിർമ്മിച്ചിട്ടുള്ള പുതിയ പാലം നാളെ(വെള്ളി) 10 ന് പൊതുജനങ്ങൾക്ക് സമർപ്പിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.ചടങ്ങിന് ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനാകും. ഇടമലയാർ, വടാട്ടുപാറ ,താളും കണ്ടം, പൊങ്ങും ചുവട് ആദിവാസി കോളനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബാരേജിന് ചേർന്നുള്ള പാലത്തിലൂടെയാണ് ഇത്രയും കാലം വാഹനങ്ങൾ ഉൾപ്പടെ കടന്ന് പോയിരുന്നത് ഇത് വലിയ അപകട സാധ്യതയുള്ളതിനാൽ ഏറെക്കാലമായി ഈ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ വലിയ ആവശ്യമായിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മിച്ചത്. 11 സ്പാനുകളോടു കൂടി 235 മീറ്റർ നീളത്തിലും 11.മീറ്റർ വീതിയിലും പാലവും ഇരുകരകളിലും അപ്രോച്ച് റോഡും ഉൾപ്പടെ സങ്കേതിക അനുമതി ലഭിക്കുകയും പാലത്തിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.നിർമ്മാണ വേളയിൽ ഭൂതത്താൻകെട്ടിന്റെ മുഖ്യ ആകർഷണമായ പൂന്തോട്ടത്തിന് കോട്ടം തട്ടാത്ത രീതിയിൽ ഡിസൈനിൽ മാറ്റം വരുത്തുകയും ലാന്റ് സ്പാനും കൂട്ടിച്ചേർത്ത് 14 സ്പാനുകളും 296 മീറ്റർ നീളവും 11.മീറ്റർ വീതിയും ഉള്ള പാലമാക്കി. 19.95 കോടി രൂപ ചിലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം .