gold

കൊച്ചി: സ്വർണമടങ്ങിയ ഡിപ്ളോമാറ്റിക് ബാഗേജ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസലേറ്റിലേക്ക് അയച്ചത് യു.എ.ഇയിൽ പ്രൊവിഷൻ ഷോപ്പ് നടത്തുന്ന ഫാസിലാണെന്ന് കസ്റ്റംസ് കണ്ടെത്തി. അറസ്റ്റിലായ പി.എസ്. സരിത്തിന്റെ നിർദേശപ്രകാരമാണ് അയച്ചതെന്നും നയതന്ത്രപരിരക്ഷയുള്ളവ അയക്കേണ്ട രീതി ഇതല്ലെന്നും അഡിഷണൽ സി.ജെ.എം കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ബാഗേജ് പിടികൂടിയെന്ന് അറിഞ്ഞപ്പോൾ സരിത്ത് ബന്ധങ്ങൾ അറിയാതിരിക്കാൻ മൊബൈൽഫോൺ ഫോർമാറ്റ് ചെയ്തു.

കൊച്ചി കസ്റ്റംസ് സൂപ്രണ്ടിന്റെ ഒാഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട പ്രകാരം ജൂലായ് ആറിന് എത്തിയ സരിത്ത് നൽകിയ മൊഴിയിൽ കള്ളക്കടത്തിൽ നിർണായക പങ്കുണ്ടെന്ന് വ്യക്തമാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന കേസാണിത്. നിർണായക വ്യക്തികളെ പിടികൂടാൻ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കസ്റ്റംസ് കണ്ടെത്തിയത്

 യു.എ.ഇ കോൺസലേറ്റിലെ പ്രതിനിധി ബാഗേജിൽ എന്തൊക്കെ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല.

 കസ്റ്റംസ് ക്ളിയറൻസ് തുക കോൺസലേറ്റ് നേരിട്ട് നൽകുന്നതാണ് പതിവ്.

 ഈ കേസിൽ സരിത്താണ് പണം നൽകിയത്.

 കോൺസലേറ്റിന്റെ വാഹനമാണ് സാധനങ്ങൾ കൊണ്ടുപോകാൻ വരുന്നത്.

 ഈ കേസിൽ സരിത്ത് സ്വന്തം കാറിലാണ് വന്നത്.

 കോൺസലേറ്റിലെ പി.ആർ.ഒ എന്ന പേരിലാണ് സരിത്ത് ഇടപെട്ടത് .