കൊച്ചി: ഇന്ത്യയിലെ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ഡിപ്ളോമാറ്റിക് ബാഗേജ് എറ്റെടുക്കാൻ സരിത്തിന്റെ സഹായം തേടിയതെന്നും സ്വർണക്കടത്തുമായി യു.എ.ഇ കോൺസലേറ്റിനോ തനിക്കോ ബന്ധമില്ലെന്നും കോൺസലേറ്റ് പ്രതിനിധി (ചാർജ് ഡി അഫയേഴ്സ്) റാഷിദ് ഖാമിസ് അലി മുസെയ്‌ക്രി അൽ അഷ്‌മിയ കസ്റ്റംസ് അധികൃതരെ അറിയിച്ചു.
ഇദ്ദേഹത്തിനുവേണ്ടിയാണ് ഭക്ഷ്യവസ്തുക്കളടങ്ങിയ ബാഗേജ് എത്തിച്ചത്. 70 കിലോ ഭാരമുണ്ടായിരുന്നു. ജൂലായ് അഞ്ചിന് ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് പൊട്ടിച്ചുപരിശോധിച്ചത്. ഇൗന്തപ്പഴം, ഒാട്സ്, പാൽപ്പൊടി, ബട്ടർ കുക്കീസ്, ന്യൂഡിൽസ്, മാഗി കറി പാക്കറ്റ്, ക്ളാസിക് കുക്കീസ് തുടങ്ങിയവയുടെ ബില്ലും രേഖകളുമാണ് പ്രതിനിധി ഹാജരാക്കിയത്. പക്ഷേ ബാഗേജിൽ ലോക്കുകൾ, സ്പീക്കറുകൾ, പൈപ്പ് ഫിറ്റിംഗ്സുകൾ, ഒരു ജോഡി ഷൂസ്, പോർട്ടബിൾ മാക്സ് വോളിയം കംപ്രസർ, കാരിബാഗ് തുടങ്ങിയവയുമുണ്ടായിരുന്നു.
മെക്കാനിക്കിന്റെയും സ്വർണം മാറ്റുനോക്കുന്ന വിദഗ്ദ്ധന്റെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് 14.82 കോടി രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. ബില്ലിൽ പറഞ്ഞിട്ടുള്ളവ മാത്രമാണ് തന്റേതെന്ന് റാഷിദ് ഖാമിസ് അലി വിശദീകരിച്ചു. സരിത്തിന്റെ സഹായത്തോടെയാണ് ബാഗേജ് എത്തിച്ചതെന്നും വെളിപ്പെടുത്തി. നിയമപ്രകാരം നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയ തായി സരിത്തിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പിടിച്ചെടുത്തത് :30244.900 ഗ്രാം സ്വർണം
കണക്കാക്കുന്ന വില: 14,82,00,010 രൂപ