കൊച്ചി: കൊവിഡ് കാലത്ത് ലക്ഷദ്വീപിനായി ചെയ്ത സഹായങ്ങൾക്ക് നന്ദി അറിയിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ദിനേശ്വർ ശർമ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്കയച്ച കത്തിലാണ് കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം നൽകിയ സേവനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചത്. അവശ്യ സാധനങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്കും കേരളത്തെയാണ് ലക്ഷദ്വീപ് ആശ്രയിക്കുന്നത്. കൊവിഡ് ലോകമെമ്പാടും പടരുകയും ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ചരക്കു കൈമാറ്റം ഒരു വെല്ലുവിളിയായി തീർന്നിരുന്നു. കളക്ടറുടെ നിശ്ചയദാർഢ്യവും കരുതലും കൊണ്ടു മാത്രമാണ് ഈ കാലത്തും സേവനങ്ങൾ മുടങ്ങാതിരുന്നതെന്ന് ദിനേശ്വർ ശർമ പറഞ്ഞു. ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി ലക്ഷദ്വീപിലേക്കും പ്രത്യേക കപ്പൽ ഏർപ്പെടുത്തിയിരുന്നു. രോഗ വാഹകരല്ലെന്ന് ഉറപ്പാക്കിയ ശേഷം അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ജില്ലാഭരണകൂടത്തിന് സാധിച്ചു.