zone-paravur-
എട്ടാം വാർഡിലേയ്ക്കുള്ള വഴിയടച്ചു.

പറവൂർ : കൊവിഡ് സ്ഥിരീകരിച്ച വൈദിക വിദ്യാർത്ഥിയുടെ റൂട്ടുമാപ്പ് തയ്യാറാക്കി. ജൂലായ് ഒന്നിന് പനി ഉണ്ടായതിനാൽ പറവൂർ താലൂക്ക് ആശുപത്രിയിൽ പോയിരുന്നു. ഇതിനുശേഷം മൂന്നിനാണ് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്. ഇവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. വൈദിക വിദ്യാർത്ഥി സന്ദർശിച്ച ദിവസങ്ങളിൽ സ്ഥാപനങ്ങളിൽ എത്തിയവരും ജീവനക്കാരും പതിനാല് ദിവസം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിച്ചതായി പറവൂർ നഗരസഭ ചെയർമാൻ തോപ്പിൽ പ്രദീപ് അറിയിച്ചു.

വൈദിക വിദ്യാർത്ഥിയുടെ വീട്ടിലെ ആറു വയസുകാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ വീട്ടിലുള്ളവരുടെയെല്ലാം ശ്രവം പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ മറ്റ് ആശുപത്രികളിൽ പോകാതെ പറവൂർ താലൂക്ക് ആശുപത്രിയിലെ കോവിഡ് സെന്ററിൽ റിപ്പോർട്ട് ചെയ്യണം. വൈദിക വിദ്യാർത്ഥിയുടെ അടുത്ത ബന്ധുക്കളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിസൽട്ട് വന്നതിനു ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നഗരസഭയിലെ കോവിഡ് സെല്ലുമായി ബന്ധപ്പെടണം. ഫോൺ: 9847311158.

# പൊലീസ് പരിശോധന ശക്തമാക്കി

കർശന നിയന്ത്രങ്ങളുടെ ഭാഗമായി നഗരത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്ത എട്ടു പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ പ്രവർത്തിച്ച മൂന്നു സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. അടുത്തദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം.