covid
കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കണ്ടെയ്‌മെന്റ് സോണിലേക്കുള്ള പ്രധാന റോഡ് അടച്ചിട്ടിരിക്കുന്ന നിലയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ച ഡ്രൈവറുടെയും ഭാര്യയുടെയും സമ്പർക്ക ലിസ്റ്റിലെ ബന്ധുക്കളായ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ ആറാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ഇവരുടെ സമ്പർക്ക ലിസ്റ്റിൽ 30 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 16- പേരുടെ പ്രൈമറി കോൺഡാക്റ്റ് ലിസ്റ്റാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ പേർ കോണ്ടാക്ട്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.

#ഉന്നതതല യോഗം ഇന്ന്

പഞ്ചായത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ഉന്നതതല യോഗം നടക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. യോഗത്തിൽ ജനപ്രതിനിധികൾ, റവന്യൂ, ആരോഗ്യം, പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങിയവർ പങ്കെടുക്കും.

#റോഡുകൾ അടച്ചു
പഞ്ചായത്തിലെ ആറാം വാർഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചതോടെ വാർഡിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസിന്റെ നേതൃത്വത്തിൽ അടച്ചു. കഴിഞ്ഞ ഞായറാഴ്ച കല്ലൂർക്കാട് ഫയർസ്റ്റേഷൻ ഓഫീസർ ജോൺ.ജി.പ്ലാക്കലിന്റെ നേതൃത്വത്തിൽ പൈങ്ങോട്ടൂരും കല്ലൂർക്കാടും അണുനശീകരണം നടത്തിയിരുന്നു.