franko

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും വിചാരണ ഒഴിവാക്കി വിടുതൽ നൽകണമെന്നുമാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എന്നാൽ രൂപതയുടെ മേലധികാരിയായ ബിഷപ്പ് പീഡിപ്പിച്ചെന്ന് രേഖകളിൽനിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുമ്പോൾ പകനിമിത്തം ഇര തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്.

കുറവിലങ്ങാട് മഠത്തിൽ വച്ച് 2014 മേയ് അഞ്ചുമുതൽ 2016 സെപ്തംബർ 23വരെയുള്ള കാലയളവിൽ 13 തവണ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27ന് നൽകിയ പരാതിയിൽ തൊട്ടടുത്തദിവസം കേസെടുത്തു. കേസിന്റെ വസ്തുതകൾ പരിശോധിച്ച് വിചാരണക്കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്നു നിശ്ചയിക്കേണ്ടതെന്നും ഇൗ ഘട്ടത്തിൽ അത്തരമൊരു നിഗമനത്തിലെത്താൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ ഇൗയാവശ്യം ഉന്നയിച്ച് ഫ്രാങ്കോ നൽകിയ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു.

 സിംഗിൾബെഞ്ച് പറയുന്നു

സ്ത്രീക്കുനേരെയുള്ള ഏറ്റവും ക്രൂരവും നിന്ദ്യവുമായ കുറ്റകൃത്യമാണ് മാനഭംഗം. ഇരയുടെ ദയനീയാവസ്ഥയും പ്രതിയുടെ അധികാരപദവിയും നിഷ്പക്ഷമായി വിചാരണയിൽ പരിശോധിക്കണം. കേസ് തുടക്കത്തിൽത്തന്നെ ഇല്ലാതാക്കുന്നത് സമൂഹത്തിന് തെറ്റായസന്ദേശംനൽകും. കന്യാസ്ത്രീകളുടെമേൽ ആധിപത്യവും സ്വാധീനവുമുള്ള വ്യക്തിയാണ് പ്രതി. ബിഷപ്പിന്റെ അധികാരപദവിയെ ഭയന്ന് ഇരയ്ക്ക് മാനസികസംഘർഷങ്ങൾ സഹിച്ചു ജീവിക്കേണ്ടിവന്നെന്നും പീഡനം അസഹനീയമായതോടെയാണ് പരാതിപ്പെട്ടതെന്നും രേഖകളിൽ നിന്ന് പ്രഥമദൃഷ്ട്യാവ്യക്തം. സന്യാസജീവിതം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചെങ്കിലും മറ്റു കന്യാസ്ത്രീകളാണ് പിന്തിരിപ്പിച്ചത്. കുടുംബാംഗങ്ങളെ ഉപദ്രവിക്കുമോയെന്ന ഭീതിനിമിത്തമാണ് നിയമപരമായ നടപടികൾ വൈകിയത്. കേസ് കെട്ടിച്ചമച്ചതാണോയെന്ന് വിചാരണക്കോടതി തീരുമാനിക്കട്ടെ. പരാതി നൽകാൻ വൈകിയെന്നത് കുറ്റവിമുക്തനാക്കാനുള്ള കാരണമല്ല. കന്യാസ്ത്രീക്ക് സമൂഹത്തിലുള്ള പദവി അതുല്യമാണ്. മൊഴികളിലെ വൈരുദ്ധ്യത്തിന്റെ പേരിൽ വിചാരണയിൽനിന്ന് ഒഴിവാക്കാനാവില്ല.