തൃപ്പൂണിത്തുറ: സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. ലായം റോഡിലെ കോൺഗ്രസ് ഓഫീസിൽ നിന്ന് കോലവുമായി പ്രവർത്തകർ റോഡിലേയ്ക്ക് ഇറങ്ങിയതോടെ തൃപ്പൂണിത്തുറ സി.ഐ. ബി. രാജ്കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് തടഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയുടെ കോലം പൊലീസ് പിടിച്ചു വാങ്ങി. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്. തുടർന്ന് പ്രവർത്തകർ സ്റ്റാച്യു ജംഗ്ഷനിലേക്ക് പ്രകടനമായി നീങ്ങിയതോടെ പ്രവർത്തകരെ പൊലീസ് വീണ്ടും തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി.നായർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് അമിത് ശ്രീജിത് അദ്ധ്യദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ എ.ബി. സാബു, ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് എന്നിവർ സംസാരിച്ചു.