കൊച്ചി: യു.എസി സെന്റ് ലൂയീസിലുള്ള വാഷിംഗ്ടൺ യൂണിവേഴ്സിറ്റിക്കു കീഴിലെ ജോൺ എം. ഒലിൻ സ്‌കൂൾ ഒഫ് ബിസിനസ് ഉപദേഷ്ടാവായി ഡോ. ആഷ്ലി ജേക്കബ് മുളമൂട്ടിൽ നിയമിതനായി.
ഒരേസമയം ആതുരസേവനം, ബിസിനസ്, സ്പോർട്സ്, പുസ്തകരചന എന്നീ വിവിധനിലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ആളാണ് ഡോ. ആഷ്ലി ജേക്കബ്.
നിലവിൽ മുംബൈ ഐ.ഐ.ടി.യുടെ കോർപ്പറേറ്റ് ഉപദേഷ്ടാവ് കൂടിയായ ഡോ. ആഷ്ലി കോഴഞ്ചേരിയിലെ മുളമൂട്ടിൽ ഐ ഹോസ്പിറ്റലിന്റെ സഹസ്ഥാപകനും ചീഫ് സർജനുമാണ്. ബ്ലേഡ് ഉപയോഗിക്കാതെ കേരളത്തിലാദ്യമായി നേത്രശസ്ത്രക്രിയ നടത്തിയതിന് കേരളാ ബുക്ക് ഒഫ് റെക്കോഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. കാറ്ററാക്ട് മൈക്രോസർജറിക്ക് പ്രശസ്തമായ സർ രത്തൻ ടാറ്റാ അവാർഡിനും അർഹനായിട്ടുണ്ട്. റോട്ടറി ഇന്റർനാഷനലിന്റെ പോൾ ഹാരിസ് ഫെല്ലോയായ ഇദ്ദേഹം ഇന്ത്യാ ബൈക്ക് വീക്കിന്റെ ഏറ്റവും മികച്ച കസ്റ്റം-മേഡ് ഹാർളി ഡേവിഡ്സൺ ബൈക്കിനുള്ള അംഗീകാരവും നേടിയിട്ടുണ്ട്.
150 ലേറെ ശാഖകളുള്ള മുളമൂട്ടിൽ നിധി, ഫിനാൻസിയേഴ്സ് സ്ഥാപനങ്ങളുടെ എം.ഡി, സി.ഇ.ഒ കൂടിയായ ഡോ.ആഷ്ലി ചേംബർ ഒഫ് നിധി കമ്പനീസ്, ചേംബർ ഒഫ് എൻ.ബി.എഫ്.സി.സ് എന്നിവയുടെ പ്രസിഡന്റുമാണ്. യുറോപ്യൻ സൊസൈറ്റി ഒഫ് കാറ്ററാക്റ്റ് ആൻഡ് റിഫ്രാക്റ്റീവ് സർജൻസ്, അമേരിക്കൻ അക്കാദമി ഒഫ് ഒഫ്താൽമോളജി, അമേരിക്കൻ സൊസൈറ്റി ഒഫ് കാറ്ററാക്റ്റ് ആന്റ് റിഫ്രാക്റ്റീവ് സർജൻസ്, ലണ്ടനിലെ റോയൽ സൊസൈറ്റി ഒഫ് ഹെൽത്ത് എന്നീ സംഘടനകളിൽ അംഗമായ അദ്ദേഹം ലണ്ടൻ മുതൽ കോഴഞ്ചേരി വരെ, ഐ മാറ്റേഴ്സ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് ഒഫ്താൽമോളജിയിൽ എം.എസ് നേടിയ ഡോ.ആഷ്ലി യുഎസിലെ ഹാർവാഡ് ബിസിനസ് സ്‌കൂളിൽ നിന്ന് ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ലീഡർഷിപ്പ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.