അങ്കമാലി: സ്വകാര്യപറമ്പിലെ മണ്ണെടുത്തതിനെ തുടർന്നു വാട്ടർ അതോറിറ്റിയുടെ പമ്പ്ഹൗസിനോടു ചേർന്നുള്ള മതിൽ ഇടിഞ്ഞുവീണു. മതിലിനോടു ചേർന്നു സ്ഥാപിച്ചിരുന്ന കുടിവെള്ള വിതരണ പൈപ്പുകൾക്കു തകരാറുകൾ പറ്റി. മതിലിന്റെ ബാക്കിയുള്ള ഭാഗം ഏതുനിമിഷവും വീഴാമെന്ന സ്ഥിതിയിലാണ്. പമ്പിംഗ് നടത്തുമ്പോൾ ബാക്കിയുള്ള ഭാഗത്തെ മതിൽ കൂടി ഇടിയുമെന്നതിനാൽ ചൊവാഴ്ച പമ്പിംഗ് നടത്തിയില്ല. ബെന്നി ബഹനാൻ എംപി, റോജി എം.ജോൺ എംഎൽഎ എന്നിവരുടെ ഇടപെടലിനെ തുടർന്നു ശുദ്ധജലവിതരണ പൈപ്പുകൾ പുന:സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ തുടങ്ങി. ഇടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത ശേഷം പുതിയ മതിൽ നിർമിക്കുകയും മതിൽ ഇടിഞ്ഞപ്പോൾ നശിച്ച പൈപ്പുലൈനുകൾ പുന:സ്ഥാപിക്കുകയും ചെയ്താലാണ് ശുദ്ധജലവിതരണം നടത്താനാകുകയുള്ളു. തലേദിവസം പമ്പിംഗ് നടത്തി വാട്ടർടാങ്ക് നിറഞ്ഞുകിടന്നതിനാൽ ഇന്നലെ ശുദ്ധജലവിതരണം തടസപ്പെട്ടില്ല.
#ഇന്ന് കുടിവെള്ളം മുടങ്ങും
പമ്പിംഗ് നടത്താത്തതിനാൽ അങ്കമാലി നഗരസഭാ പ്രദേശത്ത് ബുധനാഴ്ച ശുദ്ധജലവിതരണം മുടങ്ങും.മതിലിനോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നപ്പോൾ മതിലിനോടു ചേർന്നുള്ള മണ്ണ് നീക്കം ചെയ്തിരുന്നു. മഴപെയ്തപ്പോൾ അടിഭാഗം തള്ളിപോയതിനാലാണ് മതിൽ ഇടിത്തു വീണത്.