തോപ്പുംപടി: കൊച്ചിയിൽ ഇനി ആരും പട്ടിണി കിടക്കില്ല. ബോധി ഫൗണ്ടേഷൻ എല്ലാ ദിവസവും ഭക്ഷണ വിതരണവുമായി രംഗത്തുണ്ടാവും. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. മട്ടാഞ്ചേരി കപ്പലണ്ടി മുക്കിൽ പ്രത്യേക കൗണ്ടർ തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളും മറ്റു സ്ഥാപനങ്ങൾക്കും വിലക്ക് വന്നതോടെയാണ് സംഘാടകർക്ക് ഇങ്ങിനെ ഒരു ആശയം ഉദിച്ചത്.എല്ലാ ദിവസവും ഉച്ചക്ക് അരവയർ നിറക്കാൻ ആർക്കും ഇവിടെ വരാം. പാർസൽ വേണമെങ്കിൽ അതും റെഡി. മുൻ മേയർ ടോണി ചമ്മിണി ഭക്ഷണവിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി.ഭാരവാഹി ഷമീർ വളവത്ത്, രജ്ഞിത്ത് കല്ലറക്കൽ, പി.എച്ച്.നാസർ, മുഹമ്മദാലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്നലെ നിരവധിപ്പേർക്ക് ഭക്ഷണം നൽകി.