കൂത്താട്ടുകുളം: മണ്ണത്തൂർ കൂറ്റത്തിനാൽ കാക്കയാനിക്കൽ കുളം (ഓലി) ഉപയോഗിക്കുന്നതിന് ചി​ലർ വിലക്ക് ഏർപ്പെടുത്തിയതായി ആരോപണം. നൂറ്റാണ്ടുകളായി പിന്നാക്ക വിഭാഗക്കാർ ബലിതർപ്പണമടക്കം നടത്തിയിരുന്നത് ഈ കുളത്തിലാണ്. ചുറ്രുമതിൽ കെട്ടി സംരക്ഷിക്കുന്ന കുളത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായാണ് പിന്തുടർച്ചാ അവകാശികളെന്ന് പറയുന്ന തിരുമാറാടി പഞ്ചായത്തിലെ രണ്ട്,മൂന്ന് വാർഡുകളിലെ കോളനി നിവാസികൾ ആരോപിക്കുന്നത്. 34 കുടുംബങ്ങളാണ് ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നിട്ടുള്ളത്.

അഞ്ചുവർഷം മുമ്പാണ് കുളത്തിന് ചുറ്റും കരിങ്കൽ ഭിത്തികെട്ടിയത്. അതുവരെ കുളത്തിലേക്ക് ഇറങ്ങാനും സൗകര്യമുണ്ടായിരുന്നു. ഇതിനെതിരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ഒരുമാസമായി കുളത്തിലേക്ക് പ്രവേശിക്കുന്നതും വെള്ളം പൊതുആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ചി​ലർ കുളത്തിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം ശേഖിക്കുന്നുണ്ടെന്ന് കോളനി സെക്രട്ടറി കെ.കെ. ശിവൻ, പ്രസിഡന്റ് കെ.പി. ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കാക്കയാനിക്കൽ കുളം

പ്രദേശത്ത് രണ്ട് കുളമാണുള്ളത്ത്. ഒന്ന് കൂറ്റത്തിനാൽ ഓലിയും മറ്റൊന്ന് കാക്കയാനിക്കൽ ഓലിയും. ഇതിൽ കൂറ്റത്തിനാൽ ഓലി കുടിവെള്ളത്തിനായാണ് ഉപയോഗിക്കുന്നത്. കാക്കയാനിക്കൽ ഓലി കോളനി നിവാസികളാണ് ഉപയോഗിച്ചു പോന്നിരുന്നത്. മണ്ണത്തൂർ മണ്ടോളിൽ കുടുംബംവകസ് ഥലത്താണ് ഓലിക്കുളം സ്ഥിതിചെയ്യുന്നത്. ഇവർ ഈ സ്ഥലം വിറ്റപ്പോൾ കോളനി നിവാസികളുടെ ആവശ്യപ്രകാരം കുളം ഒഴിവാക്കിയാണ് ഇടപാട് നടത്തിയത്. ആചാര പ്രകാരം കോളനി നിവാസികളുടെ മരണാനന്തരച്ചടങ്ങുകൾക്കുശേഷം ഈ കുളത്തിൽ വന്നായിരുന്നു ബലിതർപ്പണവും മുങ്ങിക്കുളിയും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തിയിരുന്നത്.

ആരോപണം അടിസ്ഥാനരഹിതം
മണ്ണത്തൂർ കുറ്റത്തിനാൽ കോളനിയിലെ ജലസ്രോതസുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെയും വനിതാ നേതാവിനെതിരെയും നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. 2015-16 വാർഷിക പദ്ധതിയുടെ ഭാഗമായാണ് കാക്കയാനിക്കൽ കുളം ചുറ്റുമതിൽ കെട്ടിയും വലവിരിച്ചും സംരക്ഷിച്ചത്. കുറച്ചുനാൾ മുമ്പ് വല മുറിച്ച് മാറ്റിയതായി പഞ്ചായത്തിന്റെ ശ്രദ്ധയിൽപെട്ടു. തിങ്കളാഴ്ച ചേർന്ന പഞ്ചായത്ത്‌ കമ്മിറ്റി ചർച്ചചെയ്ത് കുളത്തിൽ നെറ്റ് പുന:സ്ഥാപിക്കുവാൻ തീരുമാനിച്ചു. പഞ്ചായത്ത്‌ പദ്ധതിയിൽപ്പെടുത്തി നവീകരിച്ചിട്ടുള്ള കുളങ്ങൾ എല്ലാവർക്കും ഉപയോഗിക്കാം. വസ്തുതാവിരുദ്ധമായ ആരോപണങ്ങളുമായി ചിലർ എത്തിയത് ദുരൂഹമാണ്.

ഒ.എൻ. വിജയൻ,

പഞ്ചായത്ത്‌ പ്രസിഡന്റ്,

തിരുമാറാടി.