വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യയുടെ പേരിൽ യോഗത്തെയും യോഗ നേതൃത്വത്തെയും അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്തുവാനും നേരിടുവാനും ജില്ലയിലെ യൂണിയുകളുടെ നേതൃയോഗം തീരുമാനിച്ചു. ഇന്നലെ വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുചേർന്ന യോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വെള്ളാപ്പള്ളി നടേശന്റെ സംഘടനാ നേതൃത്വത്തിൽ യോഗം സമ്പൂർണ വിശ്വാസം രേഖപ്പെടുത്തി.
മഹേശൻ അഡ്മിനിസ്ട്രേറ്ററായ ചേർത്തല യൂണിയനിലെ മൈക്രോഫിനാൻസ് പദ്ധതി നടത്തിപ്പിൽ കോടികളുടെ തിരിമറികൾ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജൂൺ നാലിന് വിശദീകരണം ചോദിച്ചിരുന്നു. യൂണിയനിലെ 544-ാം നമ്പർ ശാഖയുടെയും അഡ്മിനിസ്ട്രേറ്ററായിരുന്നു മഹേശൻ. ശാഖയുടെ കീഴിലെ ശ്രീകണ്ഠേശ്വരം സ്കൂളിൽ 14 അദ്ധ്യാപക നിയമനങ്ങളും അഞ്ച് വർഷത്തെ അഡ്മിഷനുകളും നടത്തിയത് അദ്ദേഹമാണ്. ഇതുമായി ബന്ധപ്പെട്ട വൻസാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മേയ് 22ന് വിശദീകരണം തേടിയിരുന്നു.
ഇതിന്റെ പേരിലാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബ്ളാക്ക്മെയിൽ ചെയ്യുന്ന രീതിയിൽ അസത്യവിവരണങ്ങൾ ഉൾക്കൊള്ളുന്ന ദീർഘമായ കത്ത് അദ്ദേഹത്തിന് സ്വകാര്യമായി നൽകിയത്.
മൈക്രോ ഫിനാൻസ് കോഓർഡിനേറ്റർ എന്ന നിലയിലാണ് മാവേലിക്കര, ചെങ്ങന്നൂർ യൂണിയനുകളിലെ മൈക്രോഫിനാൻസ് ക്രമക്കേടുകൾ സംബന്ധിച്ച കേസിൽ മഹേശനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്. ഇവർ മഹേശന്റെ സ്വത്തുവിവരങ്ങളും ആവശ്യപ്പെട്ടതായാണ് സൂചന.
ഈ സമ്മർദങ്ങൾ മൂലം മാനസികമായി തകർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു മഹേശൻ. വസ്തുതകളെ മറച്ചുവച്ച് ഈ ആത്മഹത്യയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെയും അതിന്റെ അനിഷേധ്യനേതാവിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം സമുദായാംഗങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും യോഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നു. വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് പ്രമേയം അവതരിപ്പിച്ചു. എം.ബി. ശ്രീകുമാർ പ്രസംഗിച്ചു. ടി.ജി.വിജയൻ, ഷീബ ടീച്ചർ, ഡി. ബാബു, എം.ഡി. അഭിലാഷ്, സ്വാമിനാഥൻ, കെ.പി. കൃഷ്ണകുമാരി തുടങ്ങിയവർ പങ്കെടുത്തു.