ഹലോ... കമ്മിഷണർ സുമിത് കുമാർ സ്പീക്കിംഗ്
യേസ് സർ, എച്ച്. രാമമൂർത്തിയാണ്
കമ്മിഷണർ: ഉറപ്പാണോ
രാമമൂർത്തി: സോഴ്സ് ചതിക്കില്ല
കമ്മിഷണർ: യേസ്.. ഒകെ.
യു.എ.ഇ കോൺസുലേറ്റിന്റെ കാറിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന സുന്ദരനും വിനയാന്വിതനുമായ സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നല്ല പരിചയമുണ്ട്. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗുകൾ കൈപ്പറ്റിയിരുന്നത് ഇയാളായിരുന്നു. വല്ലപ്പോഴുമൊക്കെ അവർ സ്വപ്‌നയെ വാഹനത്തിൽ കണ്ടിരുന്നു.
എമിറേറ്റ്സ് വിമാനത്തിൽ ജൂൺ 30 നാണ് തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലേക്കുള്ള ബാഗേജ് എത്തിയത്. ഗ്രൗണ്ട് ക്ളിയറൻസിന് ശേഷം ബാഗേജ് കാർഗോ വിഭാഗത്തിലേക്ക്. അപ്പോൾ രണ്ടു കണ്ണുകൾ ബാഗേജിൽ തറച്ചിരുന്നു. അസി.കമ്മിഷണർ എച്ച്. രാമമൂർത്തിയുടെ നീക്കങ്ങൾ അവസാനിച്ചത് അന്താരാഷ്‌ട്ര ശ്രദ്ധയിലേക്കെത്തിയ സ്വർണവേട്ടയിലാണ്.
നയതന്ത്ര ചാനലിൽ വരുന്ന സാധനങ്ങൾ അവധി ദിവസമാണെങ്കിലും വിട്ടു നൽകണമെന്നാണ് ചട്ടം. ബാഗ് ഏറ്റുവാങ്ങാൻ സ്വന്തം കാറിൽ എത്തിയ സരിത്ത് രാമമൂർത്തിയുടെ 'നോ' കേട്ട് പതറി. ചില രേഖകൾ കൂടി എത്താനുണ്ടെന്ന് രാമമൂർത്തി പറഞ്ഞു. തിരികെ കാറിൽ കയറുമ്പോൾ സരിത്തിന്റെ മുഖം മങ്ങിയിരുന്നു.
ബാഗിൽ സ്വർണമുണ്ടെന്ന് രാമമൂർത്തി നേരത്തേ അറിഞ്ഞിരുന്നു. കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ അറിയിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥർ ഞെട്ടി. നയതന്ത്ര ബാഗേജ് തടഞ്ഞുവയ്ക്കുന്നതിലെ അപകടവും കീഴ്‌വഴക്കങ്ങളും ഉദ്യോഗസ്ഥരെ കുഴക്കി. ഉടൻ കസ്‌റ്റംസ് കമ്മിഷണർ സുമിത് കുമാർ രാമമൂർത്തിയെ ഫോണിൽ വിളിച്ചു: 'സ്വർണമുണ്ടെന്ന് ഉറപ്പാണോ?' 'എന്റെ സോഴ്സ് കൃത്യമാണ്, ചതിക്കില്ല' - രാമമൂർത്തിയുടെ മറുപടി. പിന്നീട് സുമിത് കുമാറിന്റെ നീക്കങ്ങൾ ചടുലമായിരുന്നു. വിദേശമന്ത്രാലയത്തെയും യു.എ.ഇ കോൺസുലേറ്റിനെയും അറിയിച്ചു. കോൺസുലേറ്റ് പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലേ ബാഗേജ് പൊട്ടിക്കാവൂ എന്നു മാത്രമായിരുന്നു വിദേശമന്ത്രാലയത്തിന്റെ നിർദ്ദേശം. കൊച്ചി കമ്മിഷണറേറ്റിൽ നിന്ന് രണ്ടു ഉന്നതർ തിരുവനന്തപുരത്തെത്തി. രാമമൂർത്തിയുടെ സോഴ്സ് ചതിച്ചില്ല. പെട്ടി പൊട്ടിച്ചപ്പോൾ സിലിണ്ടർ രൂപത്തിൽ ഒളിപ്പിച്ച സ്വർണക്കട്ടികൾ കണ്ടെത്തി. അപ്പോഴേക്കും കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സരിത്തിന് നോട്ടീസ് പോയിരുന്നു. സ്വപ്‌ന കാണാമറയത്തേക്കും മുങ്ങി.
അതിരുവിട്ട ആത്മവിശ്വാസം
യു.എ.ഇ കോൺസുലേറ്റിലെ പ്രതിനിധി റാഷിദ് ഖാമിസ് അലി മുസെയ്‌ക്രി അൽ അഷ്‌മിക്ക് ബാഗിലെ ഉള്ളടക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. കസ്റ്റംസ് ക്ലിയറൻസിനുള്ള ചാർജ്ജ് യു.എ.ഇ കോൺസുലേറ്റ് നേരിട്ട് നൽകുന്നതാണ് പതിവ്.
ഇത്തവണ ചാർജ്ജ് സരിത്താണ് പണമായി നൽകിയത്. യു.എ.ഇ രജിസ്‌ട്രേഷനിലുള്ള കോൺസുലേറ്റിന്റെ വാഹനമാണ് ബാഗുകൾ എടുക്കാൻ വരാറുള്ളത്. ഇത്തവണ സരിത്ത് സ്വന്തം കാറിലാണ് വന്നത്.
കോൺസുലേറ്റിലെ പി.ആർ.ഒ എന്ന പേരിലാണ് സരിത്ത് ബാഗുകൾ കൈകാര്യം ചെയ്തത്. ബഗേജ് തടഞ്ഞുവച്ചതോടെ സരിത്ത് കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാറിനെ കോൺസുലേറ്റിൽ നിന്നാണെന്ന് പറഞ്ഞു വിളിച്ചിരുന്നു. കമ്മിഷണർ ഇയാളെ തന്ത്രപൂർവ്വം ഒഴിവാക്കി. ബാഗേജ് തടഞ്ഞതിന്റെ ദോഷങ്ങൾ വിവരിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളിലെ കസ്‌റ്റംസുകാർ കൊച്ചിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു. സുമിത് കുമാറിന്റെ കാർക്കശ്യത്തിൽ സരിത്തിന്റെയും സ്വപ്നയുടെയും തന്ത്രങ്ങൾ വിഫലമായി.
നിന്ന നിൽപ്പിൽ കോടീശ്വരനാകും
1
അന്താരാഷ്ട്ര മാർക്കറ്റിലും ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെ വിലയിലുള്ള വൻ വ്യത്യാസമാണ് കള്ളക്കടത്തുകാരെ വശീകരിക്കുന്നത്. വിദേശത്തുനിന്ന് നിയമപരമായി സ്വർണം കൊണ്ടുവരുമ്പോൾ ഉയർന്ന നികുതി നൽകണം.
2
വലിയ ലാഭം നേടാനാണ് കള്ളക്കടത്തുകാർ വൻ തോതിൽ സ്വർണം കൊണ്ടു വരുന്നത്.
3
1980 -90 കളിൽ കടൽക്കടത്തായിരുന്നു. ഇപ്പോൾ വിമാനത്താവളങ്ങളിലാണ് ഗൂഢസംഘം. പെട്ടെന്ന് പണം ആവശ്യമുള്ളവരെ വലയിൽ കുരുക്കി കാരിയർമാരാക്കും
4
ഒരു കിലോ സ്വർണം കടത്താൻ 20,000 - 30,000 രൂപയാണ് ഓഫർ. വിമാന ടിക്കറ്റ് സൗജന്യമാണ്.
5
സംസ്ഥാനത്തെത്തുന്ന തങ്കക്കട്ടികൾ ഉരുക്കി ആഭരണമാക്കും. ഇതിനുള്ള കേന്ദ്രങ്ങൾ തൃശൂരും പാലക്കാട്ടുമുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജിൻസ് സ്വർണം പിടിച്ചെടുത്തിരുന്നു. ആഭരണങ്ങളാക്കുന്ന സ്വർണം ജുവലറികളിലെത്തും.
2019 -2020
പിടിച്ചത് 740 കിലോ സ്വർണം
2019 ൽ റീട്ടെയിൽ സ്വർണാഭരണ ബിസിനസ് 45,000 കോടി രൂപ
ഒരു വർഷം കേരളത്തിൽ 60 ടൺ സ്വർണം വിൽക്കുന്നു
കേരളത്തിൽ ഒരു വർഷം 500 സ്വർണക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്യുന്നു. മിക്ക കേസുകളിലും സൂത്രധാരനെ പിടിച്ചിട്ടില്ല. കാരിയർമാരിൽ കേസൊതുങ്ങും. കാരിയർമാർക്ക് റാക്കറ്റിലെ മറ്റുള്ളവരെ അറിയില്ല.
കടത്ത് ഇങ്ങനെയൊക്കെ
-സ്വർണക്കട്ടികൾ പേസ്റ്റ് പരുവത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിക്കും. റബർ ഉറകളിലാക്കി വിഴുങ്ങും. ഇലക്‌ട്രോണിക് സാധനങ്ങളുടെ ഭാഗങ്ങളാക്കിയും വയറുകളിലെ കോപ്പറിന് പകരം സ്വർണ കമ്പികളാക്കിയും കടത്തും. തലമുടിയിൽ നേരിയ നാരുകളാക്കിയും കടത്തിയിട്ടുണ്ട്.
കള്ളംപണം വെളുപ്പിക്കലാണ് സ്വർണക്കടത്തിന്റെ പ്രധാന ഘടകം. കള്ളക്കടത്ത് സംഘങ്ങൾ പണം വെളുപ്പിക്കാൻ സിനിമാ ലോകത്തെ ഉപയോഗിക്കുന്നുവെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. സിനിമാ നിർമ്മാണത്തിന് പണം നൽകിയാണ് ഇത് സാധ്യമാക്കുന്നത്. ഹോട്ടൽ ബിസിനസും കള്ളപ്പണം വെളുപ്പിക്കലിന്റെ സാധ്യതയാണ്. സ്വർണക്കടത്തിലെ പ്രധാന കണ്ണിക്കും കാരിയർക്കും ഇടയിലായി 10 -20 പേരുടെ ഇടനിലയുണ്ടാകും.
കേസുകൾ
2017-18: 242 കേസുകൾ
2019 -2020: 1102 കേസുകൾ
455 ശതമാനം വർദ്ധന
പിടിച്ച സ്വർണം
2017 -18: 103.57 കിലോ
2019 -2020: 417.49 കിലോ
വില
2017 -18: 28.99 കോടി
ഇപ്പോൾ: 122.85 കോടി